തൃശൂര്‍:ഓണം വിഭവ സമൃദ്ധമാക്കാന്‍ വിലക്കുറവില്‍ പച്ചക്കറികളുമായി കൃഷി വകുപ്പിന്റെ ഓണസമൃദ്ധി വിപണികള്‍ ഹോര്‍ട്ടികോര്‍പ്പ് വി.എഫ്.പി.സി.കെ. കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി പച്ചക്കറി വിപണിയില്‍ ഇടപെടുന്നു. കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഒരു ഗ്രാമപഞ്ചായത്തില്‍ ചുരുങ്ങിയത് ഒരു പഴം പച്ചക്കറി വിപണന ശാലയാണ് ഒരുക്കുന്നത്.
ഇന്ന് ഉച്ചയോടെ സജീവമാകുന്ന ഓണസമൃദ്ധി ശാലകള്‍ സെപ്റ്റംബര്‍ 13 വരെ പ്രവര്‍ത്തിക്കും. ജില്ലയില്‍ 144 ഓണം സമൃദ്ധി ശാലകളാണ് തുറക്കുക. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പഴം പച്ചക്കറികളാണ് മുഖ്യമായും ഓണം സമൃദ്ധി വിപണിയിലുളളത്. ശീതകാല പച്ചക്കറികളായ ഉളളി, ക്യാബേജ്, ക്യാരറ്റ് തുടങ്ങിയവ ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിപണിലെത്തിക്കും.
പൊതു വിപണി വിലയുടെ പത്ത് ശതമാനം അധിക തുക നല്‍കിയാണ് പച്ചക്കറികള്‍ ആഭ്യന്തര കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത്. ഈ പച്ചക്കറികള്‍ വിലയില്‍ 30 ശതമാനം കുറച്ചാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. എന്നാല്‍ ശീതകാല പച്ചക്കറികള്‍ക്ക് വിലക്കുറവുണ്ടാകില്ല. സംസ്ഥാനത്ത് ആദ്യമായാണ് കൃഷിവകുപ്പ് ഇത്തരത്തില്‍ വിപണി ആരംഭിക്കുന്നത്. കൊടകര, ചാലക്കുടി, മാള, പഴയന്നൂര്‍, ഒല്ലൂക്കര ബ്ലോക്കുകളില്‍ നിന്നുളള പച്ചക്കറികളാണ് ജില്ലയിലെ വിപണികളില്‍ വില്‍പ്പനയ്ക്കെത്തുക. പയര്‍, ചേന, കായ, തുടങ്ങിയവ ജില്ലയുടെ ആവശ്യം കഴിഞ്ഞ് മറ്റ് ജില്ലകളിലും വിപണനം ചെയ്യാന്‍ കൃഷി വകുപ്പിന് പദ്ധതിയുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് വിപണിയുടെ പ്രവര്‍ത്തനം.
സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് ബി.പി.എല്‍./എ.വൈ.വൈ. കാര്‍ഡുടമകള്‍ക്കുളള സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 10 വരെ ദീര്‍ഘിപ്പിച്ചു- പാലക്കാട് റിജ്യണല്‍ മാനേജര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ കുടുംബശ്രീ ഓണചന്ത കൃഷി വകുപ്പുമായി സഹകരിച്ച് ഇന്ന് മുതല്‍ 13 വരെ വിവിധ സി.ഡി.എസ്സുകളിലായി നടക്കും. കൂടാതെ പൊലിവ് ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയും പഞ്ചശീലവും മുഖമുദ്രയാക്കി അയല്‍ക്കൂട്ടങ്ങള്‍ ഉല്‍പ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍ കൃഷി വകുപ്പ്-ഹോര്‍ട്ടികോപ്പ് എന്നിവവയ്ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: