നാദാപുരം: വിലങ്ങാട് വനവാസി കോളനി കേന്ദ്രീകരിച്ച് വ്യാജവാറ്റും മദ്യവില്പനയും വ്യാപകം. നാദാപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വിലങ്ങാട് കെട്ടില്‍ വനവാസി കോളനിയിലെ വീട്ടില്‍നിന്ന് വ്യാജവാറ്റിനായി തയ്യാറാക്കി വെച്ച മുപ്പത് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതോടനുബന്ധിച്ച് വിലങ്ങാട് കവടികുന്നുമ്മല്‍ കുമാരനെ(55) എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍.എന്‍. വിനോദന്‍, എ.കെ. ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.എന്‍.ജിജു, പി.സി. വിജയന്‍, കെ.കെ. ജയന്‍, സുനു.ടി, ഡ്രൈവര്‍ പ്രജീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കോളനികള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യനിര്‍മ്മാണവും വില്‍പ്പനയും വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. അടുത്ത കാലത്തായി വ്യാജ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലായ കോളനിയിലെ ആറു പേര്‍ ഇപ്പോള്‍ തടവ്ശിക്ഷ അനുഭവിക്കുകയാണ്.
















