കറുകച്ചാല്‍ : കങ്ങഴ പത്തനാട്ടു പ്രവര്‍ത്തിക്കുന്ന കരിമലഗ്രാൈനറ്റ് എന്ന ക്രഷര്‍ യൂണിറ്റില്‍ നിന്നും പുറത്തുവിടുന്ന പൊടിപടലം ശ്വസിച്ച് പ്രദേശവാസികള്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. പ്രായമായവരും കുഞ്ഞുങ്ങളും മറ്റും ആശുപത്രികള്‍ കയറിയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മെറ്റല്‍, എംസാന്‍ഡ് എന്നിവ കഴുകുന്ന രാസപദാര്‍ത്ഥങ്ങള്‍ നിറഞ്ഞ വെള്ളം പ്രദേശത്തെ തോടുകളിലേക്ക് ഒഴുകുന്നതും നാട്ടുകാര്‍ക്ക് ദോഷകരമാകുന്നു.
കരിമല ഗ്രനൈറ്റില്‍ നിന്നുള്ള തോടുവഴി തായിപ്പള്ളി, നെടുമണ്ണി, മുളയംവേലി, പുന്നവേലി, വടക്കേമുറി കടന്ന് കവലോരം മൂഴിയിലെത്തി മണിമലയാറ്റില്‍ പതിക്കുന്നു. ഈ തോടിന് 20കി.മി നീളമുണ്ട്. പാട്ടപ്പുരയിടം, കവലോരംമൂഴി, മുളയംവേലി, പാമ്പാടിമണ്‍, രാജീവ്ഗാന്ധി കോളനി എന്നീ 5 കോളനികളിലെ ജനങ്ങള്‍ ഉപയോഗിക്കുന്നത് ഈ തോട്ടിലെ വെള്ളമാണ്. വേനല്‍കാലത്ത് ഏക ആശ്രയവും ഈ തോടാണ്. എന്നാല്‍ രാസമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുകുന്നതിനാല്‍ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകുന്നു. ഈ വെള്ളത്തില്‍ കുളിച്ചവര്‍ക്കെല്ലാം ശരീരത്തില്‍ ചൊറിച്ചിലനുഭവപ്പെടുന്നതായും പറയുന്നു. നിരവധി തവണ പഞ്ചായത്തധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും ഒരു നടപടിയുമെടുക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഓണാഘോഷം
കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്ത് 4-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജ്ജനി റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 18ന് ചമ്പക്കര സുബാഷ് മെമ്മോറിയല്‍ സ്‌കൂളില്‍ ഓണാഘോഷപരിപാടികളും കുടുംബസംഗമവും നടക്കും. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം ഡോ. എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.വിശ്വനാഥകൈമള്‍ അദ്ധ്യക്ഷത വഹിക്കും. 4-ാംവാര്‍ഡിലെ കലാപ്രതിഭകളെയും ആദരിക്കും.
















