കുമളി : എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള നിയമപാലകരുടെ റെയ്ഡിനിടയിലും ഇടുക്കി ജില്ലയിലെ മലമടക്കുകളില്‍ കഞ്ചാവ് കൃഷി വീണ്ടും സജീവമാകുന്നു. ഇടുക്കിയില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന് കഴിഞ്ഞ മാസം ജില്ലയിലെത്തിയ എക്‌സൈസ് കമ്മീഷണര്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ജീവനക്കാര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം പൂപ്പാറയില്‍ നിന്ന് ആയിരത്തിലധികം കഞ്ചാവ് തൈകള്‍ കണ്ടെടുത്തതോടെയാണ് ജില്ലയില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നത്. പൂപ്പാറയില്‍ നിന്നും അരികള്‍ പാകി മുളപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. വളരെ നാളുകള്‍ക്കു ശേഷം ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി വീണ്ടും സജീവമാകുന്നതിന്റെ സൂചനയായിട്ടാണ് എക്‌സൈസ് ഉദ്യഗസ്ഥര്‍ പോലും ഇതിനെ കാണുന്നത്.
ഇതേ ദിവസം തന്നെ കുമളിക്ക് സമീപം ആനവിലാസത്തു നിന്ന് കഞ്ചാവ് ചെടി വീട്ടുവളപ്പില്‍ നട്ടു വളര്‍ത്തിയ കേസില്‍ മറ്റൊരാളെയും പിടികൂടിയിരുന്നു. ഒരു മാസം മുമ്പാണ് കുമളിയില്‍ തന്നെ രണ്ടാം മൈലില്‍ കപ്പ കൃഷിക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ വൃദ്ധനെ പിടികൂടിയത്. കേരള തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ കമ്പം മേടിന് സമീപം സംസ്ഥാന അതിര്‍ത്തിയില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചതും ഒരാഴ്ച മുന്‍പാണ് .ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് ലഹരി വസ്തുക്കളുടെ വ്യാപക കൃഷി ജില്ലയില്‍ വീണ്ടും വേര് പിടിക്കുന്നതായിട്ടാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടുക്കി ജില്ലാ കഞ്ചാവ് കൃഷിയുടെ പേരില്‍ കുപ്രസിദ്ധി നേടിയിരുന്നു. ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രദേശത്തിന്റെ കിടപ്പും ഇതിനു ഏറെ അനുകൂലമായിരുന്നു.
നീലച്ചടയന്‍ ഇനത്തില്‍പ്പെടുന്ന ഇടുക്കി കഞ്ചാവിന് രാജ്യാന്തര വിപണിയില്‍ പോലും ആവശ്യക്കാര്‍ ഏറെ ആയിരുന്നു. ശക്തമായ നടപടികളെ തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തേയ്‌ക്കു താവളം മാറ്റിയ കഞ്ചാവ് മാഫിയ ആന്ധ്രാപ്രദേശ്, ഒറീസ തുടങ്ങിയ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ കൃഷി നടത്തി കേരളത്തില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ കഞ്ചാവിന്റെ ഉപഭോഗം വര്‍ദ്ധിച്ചതാണ് ഇടുക്കിയില്‍ കഞ്ചാവ് കൃഷി തിരികെയെത്താന്‍ കാരണമായിരിക്കുന്നത്.
















