തൃശൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രാമ വികസന വകുപ്പ്, ജില്ലാ പഞ്ചായത്തിന്റെ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ ഭരണകൂടം, ധനകാര്യ സ്ഥാപനങ്ങള്‍ കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിക്കുന്ന ഐ.ആര്.ഡി.പി./എസ്.ജി.എസ്.വൈ പ്രദര്‍ശന വിപണനമേള ജില്ലയില്‍ ഇന്ന് മുതല്‍ 11 വരെ തൃശൂര്‍ എം.ജി. റോഡില്‍ ശ്രീ ശങ്കര ഓഡിറ്റോറിയത്തിന് മുന്‍വശത്തെ പുതിയ കെട്ടിടത്തില്‍ നടക്കും.
രാവിലെ 10 ന് സി.എന്‍. ജയദേവന് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ അജിത ജയരാജന് ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന് മുഖ്യ പ്രഭാഷണം നടത്തും. എം.പി. മാരായ പി.കെ. ബിജു, ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മേളയില്‍ ജില്ലയിലെ 16 ബ്ലോക്കുകളില്‍ നിന്നുളള ഗുണഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളോടൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും ഉണ്ടായിരിക്കും. വിവിധതരം കരകൗശല വസ്തുക്കള്‍, കുട്ട, ചട്ടി, ഉറി, മുറം പോലുളള ഗ്രാമീണ വീട്ടുപകരണങ്ങള്‍, മുള, തെങ്ങ്, ചകിരി ഉല്‍പ്പന്നങ്ങള്‍, മരത്തിലും ചിരട്ടയിലും നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍, വിഗ്രഹങ്ങള്‍, തൃക്കാക്കരയപ്പന്, മണ്‍പാത്രങ്ങള്‍, നെറ്റിപ്പട്ടം, പെയിന്റിംഗുകള്‍, ചവിട്ടി, തഴപ്പായ, ബാഗുകള്‍, കളിമണ്‍ ശില്പ്പങ്ങള്, മെഴുക് തിരികള്‍, കതിര്‍ക്കുലകള്‍, അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, കുടംപുളി, കൈത്തറി വസ്ത്രങ്ങള്‍, തേന്‍ തുടങ്ങിയവയാണ് വിപണനത്തിനെത്തുക. ഏകദേശം 1.36 കോടി രൂപയുടെ ഉല്പ്പന്നങ്ങളാണുണ്ടാകുക.
കുടുംബശ്രീ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം, സംയോജിത നീര്‍ത്തടാധിഷ്ഠിത പരിപാടി എന്നിവയുടെ സ്റ്റാളുകളും ഇത്തവണ മേളയുടെ ഭാഗമാകും. മേളയില്‍ 500 രൂപയ്ക്ക് മേല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നല്കുന്ന കൂപ്പണുകള്‍ നറുക്കിട്ട് ദിവസേന ആകര്‍ഷകമായ സമ്മാനങ്ങളും കൂടാതെ മേളയുടെ അവസാന ദിവസം ബംബര്‍ സമ്മാനമായി 10000 രൂപയുടെ കൈത്തറി വസ്ത്രങ്ങളും നല്‍കും. ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്‍പ്പെടെ വിപുലമായ സന്നാഹങ്ങളോടെയാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വിമുക്തമാണ് മേള. ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനായി കടലാസ്, തുണിസഞ്ചികള്‍ എന്നിവ ഉണ്ടായിരിക്കും. പത്ര സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്, എ.പി.ഒ. മാരായ രവിരാജ്, സുബൈദ, മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: