കല്‍പ്പറ്റ : ജില്ലാ ടൗണ്‍ പ്ലാനര്‍ പി.രവികുമാറിനെ കീഴുദ്യോഗസ്ഥന് മര്‍ദ്ദിച്ചതായി പരാതി. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവരോട് കൈക്കൂലി വാങ്ങുകയും കൈക്കൂലിക്കായി ഫയലുകള്‍ പിടിച്ചുവക്കുകയും ചെയ്യുന്നത് താക്കീത് ചെയ്തതിനാണ് ഓഫീസിലെ ഡ്രൈവറായ ഷിഹാബ് ജില്ലാ ടൗണ്‍ പ്ലാനറായ പി. രവികുമാറിനെ മര്‍ദ്ദിച്ചത്. ഓഫീസിന് കളങ്കമാകുന്ന വിധത്തില്‍ അഴിമതി തുടര്‍ക്കഥയായതോടെ പ്രശ്നം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഷിഹാബ് പ്രതികാരബുദ്ധിയോടെ രവികുമാറിനെ പതലവണ കയ്യേറ്റം ചെയ്തിട്ടുണ്ട്.
ഒരു വനിതാ ജീവനക്കാരിയെ മുന്‍നിര്‍ത്തി രവികുമാറിനെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു. വധഭീഷണി കാരണം ഷിഹാബ് ഓടിക്കുന്ന ഔദ്യോഗിക വാഹനം ടൗണ്‍ പ്ലാനര്‍ ഉപയോഗിക്കാതായിട്ട് ഒരു വര്‍ഷത്തിലധികമായി.
ഒരാഴ്ചമുന്പ് നാദാപുരം സ്വദേശികളായ മൂന്ന് പേരെയും കൂട്ടി ടൗണ്‍ പ്ലാനറുടെ കാബിനില്‍ എത്തിയ ഷിഹാബ് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് രവികുമാര്‍ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു വനിതയുടെ പേരില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നവരായ നാദാപുരം സ്വദേശികള്‍ക്ക് ആവശ്യമായ ഫയലില്‍ ഒപ്പിടാനുള്ള നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഷിഹാബും ഒപ്പമുള്ളവരും ചേര്‍ന്ന് രവികുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു.
ഓഫീസില്‍ കയറി അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഷിഹാബിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ദളിത് സംഘടനകളുടെ പൊതുവേദിയായ നാഡോ (നാഷണല്‍ അലയന്‍സ് ഓഫ് ദളിത് ഓര്ഗനൈസേഷന്) ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി ദളിതര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ ആശങ്കയോടെയാണ് ജനം വീക്ഷിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ മുളയിലെ നുള്ളിക്കളയാന്‍ ഉന്നത ഭരണാധികാരികളും പൊതുസമൂഹവും മുന്‍കയ്യെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പി.കെ. രാധാകൃഷ്ണന്, ബാലന് പൂതാടി, വി.ടി. കുമാര്‍, കെ. വേലപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: