കാഞ്ഞാര്‍: വഴിയോര വിശ്രമകേന്ദ്രമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്ക് അധികൃതരുടെ അവഗണനയില്‍ കാട്കയറി നശിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് 2015 ഒക്ടോബറിലാണ് കാഞ്ഞാറിലെ വഴിയോര പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.
പൂന്തോട്ടവും തണല്‍മരങ്ങളും പിടിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയോരത്താണ് മലങ്കര ജലാശയത്തിനരികെ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇടുക്കി, വാഗമണ്‍ ഭാഗങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇടത്താവളമായി വഴിയോര പാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.
എന്നാല്‍ വാട്ടര്‍ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നീട് ഈ വഴിയോര ഉദ്യാനകേന്ദ്രത്തെ പരിപാലിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായില്ല. ഇപ്പോള്‍ കാട് നിറഞ്ഞ് സഞ്ചാരികള്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയിലാണ് പാര്‍ക്ക്. പശുക്കള്‍ മേയുന്ന കാഴ്ചയാണ് ഈ വഴിയോര പാര്‍ക്കില്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി മലങ്കര ജലാശയത്തിനരികെ പണി തീര്‍ത്ത മനോഹരമായ ഉദ്യാന വിശ്രമകേന്ദ്രമാണ് അധികൃതരുടെ കുറ്റകരമായ അവഗണയില്‍ നാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നത്.
















