പത്തനംതിട്ട: പിണറായി സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസപെരുമഴ. ഫേസ്ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും നൂറുകണക്കിന് സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. സംസ്ഥാനത്തെ ആനൂകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ആക്ഷേപഹാസ്യപോസ്റ്റുകളും ഒരുക്കിയിരിക്കുന്നത്. ഈ കാലയളവില്‍ കേരള സമൂഹത്തില്‍ ദൃശ്യമായ മാറ്റങ്ങളാണ് പരിഹാസ പോസ്റ്റുകള്‍ക്ക് ആധാരം. പ്രധാനമായും വി.എസ്.അച്യുതാനന്ദനെ പരാമര്‍ശിച്ചാണ് കമന്റുകള്‍. വി.എസ്. മിണ്ടാതായിട്ട് നൂറുദിവസം തികഞ്ഞു എന്നതാണ് കൂടുതല്‍പേരെ ആകര്‍ഷിച്ച പരിഹാസവാചകം. മുല്ലപ്പെരിയാര്‍ ഡാമിന് ബലംകൂടിയിട്ട് നൂറ് ദിനം, സരിതമുങ്ങിയിട്ട് നൂറുദിനം, ഹൈറേഞ്ച് സംരക്ഷണസമിതിയുടെ വിവരം ഇല്ലാതായിട്ടും, ബിജുരമേശിന്റെ സംസാര ശേഷി നഷ്ടപ്പെട്ടിട്ടും നൂറുദിനം എന്നിങ്ങനെപോകുന്നു ട്രോളുകള്‍. ആതിരപ്പള്ളി വൈദ്യുത പദ്ധതി പരിസ്ഥിതിയ്ക്ക് അനുയോജ്യമാണെന്ന് കണ്ടുപിടിച്ചു, എന്തിനും എതിനും പ്രതികരിക്കുന്ന യുവജന സംഘടനയുടെ ചലനശേഷി നഷ്ടപ്പെട്ടു, വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കയും വാചാലതയും കാടുകയറി തുടങ്ങിയവയും നൂറുദിവസത്തെ പ്രത്യേകതകളായി എടുത്തുപറയുന്നു. ജനങ്ങള്‍ക്ക് പറ്റിയ അമളിയുടെ നൂറാംദിനം, നൂറുനൂറ് ആശംസകളര്‍പ്പിക്കുകയും ആശകള്‍ നിരാശകളാണെന്നും സമൂഹ മാധ്യമങ്ങള്‍ പറയുന്നു. നൂറുദിവസത്തെ ഭരണംകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് സൃഷ്ടിച്ച തൊഴിലവസരവും നിയമനവും വിഎസിന് വേണ്ടി മാത്രമാണെന്നാണ് മറ്റൊരു പരിഹാസം. ഓണപരീക്ഷ ആയിട്ടും പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കാന്‍ കഴിയാത്തത് മറ്റൊരു ഭരണനേട്ടമാണത്രേ. ഹിന്ദുവിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാനും മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും മാത്രമാണ് മുഖ്യമന്ത്രി നൂറുദിനങ്ങള്‍ വിനിയോഗിച്ചതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: