കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മില്‍മ ബൂത്തിനടുത്ത് നിന്നുമാരംഭിക്കുന്ന പോക്കറ്റ് റോഡില്‍ കൂടി നടന്നുപോകണമെങ്കില്‍ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തിയാല്‍ മാത്രം പോരാ, ഒരു നാണവുമില്ലാതെ റോഡിന്റെ ഇരുഭാഗങ്ങളിലും നിന്നും ഇരുന്നും മൂത്രമൊഴിക്കുന്നവരെയും വിസര്‍ജനം നടത്തുന്നവരെയും കാണാതിരിക്കാന്‍ കണ്ണുകൂടി പൊത്തേണ്ട സ്ഥിതിയാണുള്ളത്.
പഴയ ഡിവൈന്‍ കോളേജ് നിന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ ഷോപ്പിങ് കോംപ്ലക്സിലേക്ക് പോകുന്ന റോഡാണ് ഇന്ന് മലിന ജലവും മാലിന്യങ്ങളും കൊണ്ട് ദുരിതപൂര്‍ണമായിരിക്കുന്നത്. വനിത ഹോട്ടലുകളും ഹോള്‍സെയില്‍ വ്യാപാരങ്ങളുമുള്ള കെട്ടിടത്തിലേക്ക് നിത്യവും നിരവധി വാഹനങ്ങളും, സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി ആള്‍ക്കാരുമാണ് യാത്രചെയ്യുന്നത്. ഏതുനേരവും ഇവിടെ യാതൊരു സങ്കോചവുമില്ലാതെയാണ് ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ പരസ്യമായി മൂത്രമൊഴിക്കുന്നത്. അതിരാവിലെ ഇവിടെ മലമൂത്രവിസര്ജ്ജനത്തിനെത്തുന്നവരുമുണ്ട്. ഇതുമൂലം സ്ത്രീകള്‍ ഇതുവഴി തല താഴ്ത്തിയാണ് യാത്രചെയ്യുന്നത്.
നഗരസഭ റോഡല്ലാത്തിനാല് തന്നെ സ്വകാര്യ വ്യക്തിയാണ് റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത്. എന്നാല്‍ ഇത് ചെയ്യുന്നില്ല. റോഡിന് സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള മലിനജല പൈപ്പും തുറന്നിട്ടിരിക്കുന്നത് ഈ റേഡിലേക്കാണ്. ഇവിടെ മലിനജലം കെട്ടിക്കിടന്ന് കൊതുകിന്റെ കൂത്താടികള്‍ നിറഞ്ഞിരിക്കുകയാണ്. മാലിന്യം ഭാണ്ഡക്കെട്ടുകളാക്കിയാണിവിടെ തള്ളുന്നത്. സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ കെട്ടിടവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നുണ്ടെങ്കിലും ചെയ്യുന്നില്ല. ചെയ്യിക്കാനാവശ്യമായ നടപടികള്‍ നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. 30 വര്‍ഷത്തോളം പഴക്കമുള്ള റോഡ് മൂത്രമൊഴിക്കാനുള്ള പൊതു കേന്ദ്രമായാണ് യാത്രക്കാര്‍ കാണുന്നത്. യൂറിന്‍ റോഡ് എന്നാണ് ഇതിന് കളിയാക്കിവിളിക്കുന്ന പേര്. മഴയത്ത് ഈ മലിനജലം റോഡിലൂടെ ഒഴുകും. ഈ വെള്ളത്തില്‍ ചവിട്ടിയാണ് സ്കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ പോകുന്നത്. കാലില്‍ മുറിവുണ്ടെങ്കില്‍ ഇത് പകര്‍ച്ച വ്യാധിക്കിടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നഗര മദ്ധ്യത്തില്‍ ഇത്തരത്തില്‍ സ്വകാര്യവ്യക്തികളുടെ അലംഭാവം കൊണ്ടുളള മാലിന്യ കേന്ദ്രങ്ങള്‍ നിരവധിയുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും അവരെകൊണ്ട് സാമ്പത്തിക ലാഭമുളളതിനാല് പരാതികള്‍ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും കണ്ണടക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: