കോഴിക്കോട്: കേരളക്കരയോട് ചരിത്രപ്രണയ പോരാട്ട കഥ പങ്കുവെച്ച ആദ്യ ലക്ഷണമൊത്ത മലയാള നോവല്‍ ഒ. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ചലച്ചിത്രാവിഷ്‌ക്കാരം പ്രദര്‍ശിപ്പിച്ചു. മുഹമ്മദ്കുട്ടി സംവിധാനം ചെയ്ത സിനിമയുടെ ആദ്യപ്രദര്‍ശനം കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികമായ മറവി രോഗം ബാധിച്ച കേരള സമൂഹത്തിന് ഇത്തരം നോവലിന്റെ ദൃശ്യാവിഷ്‌ക്കാരം പുതുതലമുറയ്‌ക്ക് ചരിത്രത്തെ പരിചയപ്പെടുത്താന്‍ ഉതകും. ഇന്ത്യയില്‍ തന്നെ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാതിച്ച ആദ്യനോവലായ ഇന്ദുലേഖ പുതുതലമുറ തീര്‍ച്ചയായും കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മൊയ്തുണ്ണി, ജബ്ബാര്‍ ആലങ്കോട്, കൃഷ്ണന്‍ കോമരത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. രചന-തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് കെ.പി. വിജയകുമാര്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപാങ്കുരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ബ്രദേഴ്‌സ് ഫിലിംക്ലബ്ബും കോമാത്ത് ഭഗവതി പിക്‌ചേഴ്‌സുമാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ടി.വി. ബാലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചലച്ചിത്ര താരങ്ങളായ ബാബുസോമന്‍, മാമുക്കോയ, നാരായണന്‍ നായര്‍, രമാദേവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















