കുമളി: കഞ്ചാവ് കടത്തുവാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി വിദ്യാര്‍ത്ഥികള്‍. മൊബൈല്‍ ഫോണിനുളളില്‍ ബാറ്ററി നീക്കം ചെയ്ത് കഞ്ചാവ് നിറച്ച് കടത്തികൊണ്ട് വന്ന വിദ്യാര്‍ത്ഥികള്‍ പിടിയില്‍. മുണ്ടക്കയം സ്വദേശികളാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍. ശനിയാഴ്‌ച്ച രാത്രി കുമളിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം തന്ത്രപരമായി കുടിക്കിയത്. പെരുവന്താനം കണയങ്കവയല്‍ സ്വദേശി ജിന്‍സ് (18) ഉം ഇയാളുടെ കൂട്ടാളികളായ മുണ്ടക്കയം സ്വദേശികളായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. ഇവരില്‍ നിന്നും പതിനൊന്ന് മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ഫോണില്‍ പത്ത് ഗ്രാം കഞ്ചാവ് വീതം മുപ്പത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവം ഇങ്ങനെ: ചെക്ക് പോസ്റ്റില്‍ എത്തിയ മൂവരെയും പരിശോധനക്ക് ശേഷം വിട്ടയച്ചു.
സംശയം തോന്നി പിന്തുടര്‍ന്നപ്പോള്‍ ബസില്‍ കയറി വിദ്യാര്‍ത്ഥികളിലൊരാള്‍ ഭയന്ന് മൊബൈല്‍ ഫോണ്‍ സീറ്റിനടിയിലേക്ക് ഇട്ട്. തുടര്‍ന്ന് ഇവരെ പിടികൂടി ഫോണ്‍ പരിശോധിച്ചപ്പോള്‍ ഓണ്‍ ആകാതെ ഇരിക്കുന്നത് കണ്ട് തുറന്ന് നോക്കിയപ്പോളാണ് കേസ് പിടികൂടിയത്. ചോദ്യചെയ്യലിലാണ് പ്രതികള്‍ കുടുങ്ങിയത്.കമ്പത്ത് നിന്നുമാണ് കഞ്ചാവും, മയക്ക്മരുന്ന് ഗുളികകളും ലഭിച്ചതെന്ന് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. പിടിക്കപ്പെട്ട കുട്ടികള്‍ രണ്ട് വര്‍ഷത്തിലധികമായി കഞ്ചാവും, മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണ്. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമായതിനാല്‍ നാട്ടില്‍ കഞ്ചാവിന് വലിയ ഡിമാന്‍ഡ് ആണെന്നും കമ്പത്ത് പോയാല്‍ കഞ്ചാവ് സുലഭമായി ലഭിക്കുമെന്നും അറിഞ്ഞ് വന്നതാണെന്നും മൊഴി നല്‍കിയിട്ടുണ്ട്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ സേവ്യര്‍ പി ഡി, മധു എം എസ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, അനീഷ് റ്റി എ, ഷനേജ് കെ, അഗസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടെടുത്തത്.
പിടിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയും, മറ്റൊരാളെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരാക്കി.
















