തൊടുപുഴ: മദ്യപിച്ച അപകടകരമായി വാഹനമോടിച്ച് കെഎസ്ആര്‍ടിസി ബസിലും, സ്‌കൂട്ടറിലും ഇടിപ്പിച്ചതായി പരാതി. ഇന്നലെ വൈകിട്ട് ഏഴിനു തൊടുപുഴ ഗാന്ധി സ്‌ക്വയറിലാണ് സംഭവം നടന്നത്. പരിഭ്രാന്തരായ നാട്ടുകാര്‍ വാഹനത്തിലുള്ളവരുമായി വാക്കേറ്റവും നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.
തൊടുപുഴ ധന്വന്തരിപ്പടിയില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലാണ് ആദ്യം കാര്‍ വന്ന് ഇടിച്ചത്. ഇതിനുശേഷം കാര്‍ അമിതവേഗതയില്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് ഗാന്ധി സ്‌ക്വയറിനു സമീപം സ്‌കൂട്ടര്‍ യാത്രികനെയും ഇടിച്ചുതെറുപ്പിച്ചു. വീണ്ടും മുന്നോട്ട് അമിതവേഗതയിലോടിക്കാന്‍ ശ്രമിച്ച വാഹനം ഓഫായി. തുടര്‍ന്നാണ് നാട്ടുകാര്‍ ഇടപെട്ടത്.
കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നു. നെറ്റിയില്‍ മുറിവേറ്റ ഒരാള്‍ ബഹളത്തിനിടെ രക്ഷപെട്ടു. ബാക്കി മൂന്ന് പേരെ തൊടുപുഴ പോലീസെത്തി കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് നിലതെറ്റിയ കാര്‍ യാത്രികരെ പോലീസ് എടുത്ത് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപത്തു നിന്നിരുന്നവര്‍ ഓടി മാറിയതുകൊണ്ടാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്.
















