പാലക്കാട്: നൂറുദിവസം കൊണ്ട് വിവിധ നേട്ടങ്ങള്‍ കൈവരിച്ചെന്നു അവകാശവാദം ഉന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വി.എസ്. അച്യുതാനന്ദന്റെ മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണക്കാരാണ്. വിഎസിന്റെ മണ്ഡലമായ മലമ്പുഴയില്‍ നിര്‍ധനര്‍ക്കു നല്‍കേണ്ട സഹായനിധിയില്‍ പഞ്ചായത്ത് കാണിക്കുന്ന വീഴ്ചയും ഇതുമൂലം പ്രാഥമിക സൗകര്യങ്ങള്‍പോലും നിഷേധിച്ച നൂറിലധികം കുടുംബങ്ങളും ഇതിനകം നിയമനടപടിക്കായി ഒരുങ്ങുകയാണ്.
വീടുകളില്‍ കക്കൂസ് നിര്‍മിക്കാനുള്ള അപേക്ഷ നല്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും ധനസഹായം കിട്ടിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നു. നിരവധിതവണ ഗുണഭോക്താക്കള്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും യാതൊരുഫലവുമുണ്ടായില്ല. പഞ്ചായത്തില്‍പെട്ട ഓരോ വീട്ടിലും കക്കൂസ് നിര്‍മിക്കുന്നതിനായി പഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് നല്‍കിവരുന്ന സഹായമാണ് ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നത്.
2013-2014 സാമ്പത്തിക വര്‍ഷത്തിലാണ് ഗ്രാമസഭ വഴി ഗുണഭോക്താക്കളില്‍നിന്ന് പഞ്ചായത്ത് അംഗങ്ങള്‍ കക്കൂസ് നിര്‍മിക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ഓരോ വാര്‍ഡില്‍നിന്നും 10 പേരു വീതം 13 വാര്‍ഡുകളില്‍നിന്നുമായി 130 പേരില്‍നിന്നുമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. എന്നാല്‍ അപേക്ഷ സ്വീകരിച്ച് ലിസ്റ്റ് തയ്യാറാക്കിയതല്ലാതെ തുടര്‍നടപടികളൊന്നും അധികൃതര്‍ തയ്യാറാക്കാത്തതാണ് ധനസഹായം മുടങ്ങാന്‍ കാരണമായിതീരുന്നത്. മാത്രമല്ല പഞ്ചായത്തില്‍നിന്നും തയ്യാറാക്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇതേവരെ ശുചിത്വമിഷന് കൈമാറിയിട്ടുമില്ല. പഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് അപേക്ഷിച്ച ഓരോ കുടുംബത്തിനും 15,500 രൂപയാണ് കക്കൂസ് നിര്‍മിക്കുന്നതിന് ധനസഹായമായി നല്‍കുന്നത്.
മലമ്പുഴ പഞ്ചായത്തില്‍പെട്ട അകമലവാരം മേഖലയില്‍ ഏറെ പേര്‍ക്കും സ്വന്തമായി കക്കൂസ് പോലുമില്ല. മലമ്പുഴ റിസര്‍വോയറിന്റെ വൃഷ്ടിപ്രദേശത്തെയോ വനമേഖലയെയോ ആണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇത്രയും കുടുംബങ്ങള്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. സ്വന്തമായി വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍പോലും സാമ്പത്തിക സ്ഥിതിയില്ലാത്ത അകമലവാരത്തെ കുടുംബങ്ങള്‍ ധനസഹായത്തിനായി നിരന്തരം പഞ്ചായത്തോഫീസില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ പഞ്ചായത്തില്‍പെട്ട രണ്ടുവാര്‍ഡുകളിലെ പഞ്ചായത്ത് അംഗങ്ങള്‍ ഇതിനായുള്ള ലിസ്റ്റ് തയ്യാറാക്കാന്‍ നേരിട്ട കാലതാമസമാണ് ഇവര്‍ക്ക് ധനസഹായം ലഭിക്കാത്തതിനു കാരണമെന്നാണ് അധികൃതരുടെ അവകാശവാദം.
തെരഞ്ഞെടുപ്പിന് മുന്നെ പഞ്ചായത്ത് ഇടപെട്ട് ഇവരുടെ ലിസ്റ്റ് ശുചിത്വമിഷന് കൈമാറുമെന്നു പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ ധനസഹായമായി ലഭിക്കുന്ന തുക, നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും കൂലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികയില്ലെന്ന ന്യായീകരണവും പലരും ഉന്നയിക്കുന്നു. എന്നാല്‍ സാധാരണ ഒരു കക്കൂസ് നിര്‍മാണത്തിന് ഇതിലും ചെലവ് വരുമെന്നിരിക്കെ പഞ്ചായത്ത് നല്കുന്ന തുക സമാശ്വാസമാകുന്നതിനാല് ഇതും ലഭിക്കാതെ വരുന്നതാണ് ലഹശങ്ങളെയും ആശങ്കയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: