മുസാഫരാബാദ്: കശ്മീർ താഴ്‌വരയെ ചോരക്കളമാക്കി മാറ്റുമെന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ നേതാവ് സയ്യദ് സലാഹുദ്ദീൻ. താഴ്‌വരയിൽ ശാന്തി തിരിച്ചു കൊണ്ടുവരാനായി ഭാരതത്തിലെ എല്ലാ പാർട്ടികളും പരിശ്രമിക്കുന്നതിനിടെയാണ് ഭീകര നേതാവ് പ്രകോപന സന്ദേശവുമായി രംഗത്തെത്തിയത്.
കശ്മീരിൽ നിന്നുമുള്ള യുവാക്കൾക്ക് തീവ്ര പരിശീലനം നൽകി അവരെ ചാവേറുകളാക്കി മാറ്റും. ശേഷം ഇവരെ ഉപയോഗിച്ച് കശ്മീരിനെ ശവപ്പറമ്പായി മാറ്റുമെന്നാണ് ഭീകരൻ മുസാഫരാബാദിൽ അറിയിച്ചത്. ഭാരതത്തിലെ ആന്ധ്രയിലെയും മദ്രാസിലെയും ആസാമിലേയും നാഗലാൻഡിലെയും ഹരിയാനയിലേയും ബീഹാറിലേയും ദൽഹിയിലേയും സൈനികർ താഴ്‌വരയിലെ തങ്ങളുടെ ആളുകളുടെ വീടുകളിൽ കാണിച്ചു കൂട്ടുന്ന അതിക്രമങ്ങൾക്ക് പ്രതികാരമെന്നോണം ചാവേർ ആക്രമണമാണ് ഏറ്റവും ഉചിതമായതെന്ന് ഭീകരൻ ആക്രോശിച്ചു.
താഴ്‌വരയിൽ സമാധാനം നില നിർത്താൻ എടുക്കുന്ന ചർച്ചകളോട് ഭീകരൻ ലാഘവത്തോടെയാണ് പ്രതികരിച്ചത്. ഇത്തരം ചർച്ചകൾക്ക് പകരം ആയുധമേന്തി യുദ്ധം ചെയ്യുകയാണ് വേണ്ടതെന്ന് അനുയായികളോട് ഭീകരൻ പറഞ്ഞു.
അതേ സമയം കശ്മീര്‍ സംഘര്‍ഷത്തിന് അയവു വരുത്തുകയെന്ന ലക്ഷ്യവുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഇന്ന് കശ്മീരിലെത്തും. പ്രതിഷേധക്കാരുമായും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ചയില്ല.
















