ചെറുതോണി: ഇടുക്കി വോളിബോള്‍ അക്കാഡമിയിലെ 23 കുട്ടികളെ അക്കാഡമിയുടെ പുതിയ മന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും അധികൃതര്‍ സൗകര്യം ഒരുക്കാത്തത് കുട്ടികള്‍ക്ക് ദുരിതമാകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ വാഴത്തോപ്പില്‍ നിന്നും കുട്ടികളെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചതാണ് വിനയായത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇടുക്കി വോളിബോള്‍ അക്കാഡമിയിലെ കുട്ടികള്‍ സംസ്ഥാന തലത്തില്‍തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഇവയൊന്നും സൂക്ഷിക്കുവാന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ ട്രോഫികളും ഷീല്‍ഡുകളും ഹോസ്റ്റല്‍ ഹാളിന്റെ മുന്‍വശത്ത് ചാക്കില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പണികള്‍ പൂര്‍ത്തീകരിച്ച കെട്ടിടങ്ങളില്‍ വൈദ്യുതീകരണം നടത്തിയെങ്കിലും വൈദ്യുതി കണക്ഷന്‍ ഇതുവരേയും ലഭിച്ചിട്ടില്ല. ഇടുക്കി ആര്‍ച്ച് ഡാമിന്റെ തൊട്ടുതാഴെ പെരിയാറില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനാവില്ലെന്നാണ് കെഎസ്.ഇബി അധികൃതര്‍ പറയുന്നത്. കുടിവെളളത്തിനുളള കാര്യവും ഇതുപോലെതന്നെയാണ്. അക്കാഡമി അങ്കണത്തില്‍ ഒരു കിണര്‍ നിര്‍മ്മിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതുമൂലം ഇതില്‍ നിന്നും വെള്ളം പമ്പുചെയ്യാനാവുന്നില്ല. അയല്‍ വീട്ടുകാരുടെ കാരുണ്യം കൊണ്ടാണ് കുട്ടികള്‍ക്ക് ഇപ്പോള്‍ വെളിച്ചവും വെളളവും ലഭിക്കുന്നത്.
പരിശീലനത്തിന് മൈതാനം ഇല്ലാത്തതിനാല്‍ രാവിലത്തെ പരിശീലനം ഉപേക്ഷിച്ചു. രാവിലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ജേഴ്‌സിയും പാന്റും അടക്കമുളളവ കൂടി കയ്യില്‍ കരുതിയാണ് സ്‌കൂളില്‍ പോകുന്നത്. വഞ്ചിക്കവലയിലാണ് സ്ഥിരമായി പരിശീനം നടക്കുന്നത്. ഇടുക്കിയിലെ വോളിബോള്‍ അക്കാഡമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കുവാന്‍ ഇനിയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുളള കുട്ടികളാണ് ഇവിടെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്.
മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ ഇവിടെ നിന്നും
സ്ഥലംമാറ്റം വാങ്ങി പോയിരുന്നു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ 7 കുട്ടികളാണ് ഇപ്പോള്‍ പഠനത്തിനുളളത്. ചിങ്ങം പിറന്നതോടെ വോളിബോളിന്റെ മത്സര സീസണും ആരംഭിച്ചു. എന്നാല്‍ മതിയായ പരിശീലനവും സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ എങ്ങനെ മത്സരത്തില്‍ പങ്കെടുക്കുമെന്ന ആശങ്കയിലാണ് ഈ കുട്ടികള്‍.
















