താഷ്‌കെന്റ്: ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലാം കരിമോവിന്റെ വിയോഗം രാജ്യത്ത് ഒരുപക്ഷെ ആശ്വാസത്തിന്റെ അലയൊലികളാകും തീര്‍ക്കുക. ലോകം കണ്ട ക്രൂരന്മാരായ ഏകാധിപതികളില്‍ ഒരാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 വര്‍ഷമാണ് കരിമോവ് രാജ്യം അടക്കിവാണത്.
91ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പെട്ടതു മുതല്‍ കരിമോവാണ് പ്രസിഡന്റ് എതിരാളികളെ അടിച്ചമര്‍ത്തിയും ജയിലിലടച്ചും ഭരിച്ച കരിമോവ് സകലരെയും നിഷ്പ്രഭരാക്കി. കമ്മ്യൂണിസ്റ്റായിരുന്നു. അതുകൊണ്ടു തന്നെ അടിച്ചമര്‍ത്തിയുള്ള ഭരണത്തില്‍ നല്ല പരിചയവുമായിരുന്നു.
വിദേശ ഭരണാധികാരികളുമായി നല്ല ബന്ധത്തിലുമായിരുന്നു. പ്രതിപക്ഷ നേതാവ് അബ്ദുറഹീം പുലാതോവിന് തലക്കടിയേറ്റ സംഭവത്തില്‍ കരിമോവിന്റെ പങ്ക് ദുരൂഹമാണ്. അധികം വൈകാതെ അദ്ദേഹം രാജ്യം വിടുകയും ചെയ്തു.
അക്രമങ്ങളുടെ വാര്‍ത്ത ഉസ്‌ബെക്കില്‍ നിത്യ സംഭവമായിരുന്നു. ഒരു രാഷ്‌ട്രീയ തടവുകാരന്റെ വിരല്‍നഖം പിഴുത് അയാളെ പച്ചയ്‌ക്ക് വെള്ളത്തിലിട്ട് തിളപ്പിച്ചു. ആന്‍ഡിജനില്‍ 2005ല്‍ നൂറുകണക്കിന് പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തു. കരിമോവിനെതിരെ നിരന്തരം ശക്തമായ സമരങ്ങള്‍ അരങ്ങേറിയിരുന്നു. അവയെല്ലാം അടിച്ചൊതുക്കിയെന്നു മാത്രമല്ല സമരക്കാരെ കിരാതമായി പീഡിപ്പിക്കാനും മടിച്ചില്ല.
കഴിഞ്ഞ ദിവസമാണ് എഴുപത്തെട്ടുകാരനായ കരിമോവ് മരിച്ചത്. രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജന്മസ്ഥലമായ സമര്‍ഖണ്ഡിലാണ് സംസ്‌കാരം.
ഏകാധിപതിയുടെ മരണം രാജ്യത്തെ അനിശ്ചിത്വത്തിലാക്കിയിട്ടുണ്ട്.
















