പാലക്കാട്: ആന, കാട്ടുപന്നി, മുള്ളന്‍പന്നി, മാന്‍, കലമാന്‍ എന്നീ മൃഗങ്ങളുടെയും മയിലുകളുടെയും ശല്യം മൂലം കൃഷിയിറക്കാനാവാത്ത അവസ്ഥയിലാണ് ജില്ലയിലെ കര്‍ഷകര്‍. വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുന്ന എലവഞ്ചേരി, നെന്മാറ ഗ്രാമപഞ്ചായത്തുകളിലെ മലയോര കൃഷിയിടങ്ങളിലാണ് വന്യ ജീവികളുടെ ശല്യം കൂടുതല്‍.
മൃഗശല്യം മൂലം കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ പോലും കഴിയുന്നില്ല. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും വട്ടിപ്പലിശക്ക് കടമെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ ഇതു മൂലം കടക്കെണിയിലകപ്പെടുകയാണ്. പടവലം, പാവക്ക, പയര്‍ കൃഷികള്‍ മാനുകള്‍ തിന്നുകയാണ്. നിലക്കടലയും നെല്ലും മയിലുകളും പന്നികളും മുള്ളന്‍പന്നികളും നശിപ്പിക്കുന്നു.
കാട്ടുപന്നിയുടെ അക്രമമാണ് കൂടുതല്‍ വ്യാപകമായത്. കൃഷി വിളവെടുക്കാറാവുമ്പോഴുണ്ടാവുന്ന മൃഗശല്യം തടയാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു
ചിറ്റിലഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നികളുടെ ആക്രമണത്തില്‍ വ്യാപകമായ നാശം. കടമ്പിടിവട്ടോമ്പാടം പാടശേഖരത്തിലെ നൊച്ചിക്കാട്ടിലും വീഴ്മലയോട് ചേര്‍ന്നുള്ള പാട്ടഭാഗങ്ങളിലും മേലാര്‍കോട്, കോട്ടാംപൊറ്റ ഭാഗത്തുമാണ് കാട്ടുപന്നിശല്യം രൂക്ഷമായത്. കോട്ടാംപൊറ്റയില് മുഹമ്മദ് മലങ്ക്, താഴക്കോട്ടുകാവ് ഉണ്ണികുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന വാഴക്കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പന്നിശല്യമുണ്ടായത്.
മൂന്ന് മാസം മുമ്പാണ് സ്ഥലമൊരുക്കി നേന്ത്രന്, പാളയംകോടന്, പൂവന് തുടങ്ങിയ കന്നുകള്‍ നട്ടുപിടിപ്പിച്ചത്. വളമിടുന്നതിനായി പുല്ല് വെട്ടിമാറ്റിയശേഷമാണ് പന്നികളുടെ ശല്യമുണ്ടായത്. പന്നികള്‍ വാഴ കുത്തിമറിച്ച് വാഴത്തണ്ട് തിന്നുകയാണ്. ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ 150ല്‍പ്പരം വാഴകള്‍ നശിച്ചു.
വട്ടോമ്പാടം പാടശേഖരത്തില്‍ വരമ്പുകള്‍ കുത്തിമറിച്ചും നെല്‍ച്ചെടികള്‍ക്കിടയിലൂടെ ഓടിയും കതിരണിഞ്ഞ നെല്‍ച്ചെടികള്‍ നശിപ്പിച്ചു. ഇവ പന്നികള്‍ കുത്തിവീഴ്ത്തിയതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്. തൊട്ടടുത്ത വീട്ടുവളപ്പുകളിലെ വാഴയും പന്നികള്‍ നശിപ്പിച്ചു.
കുലൂക്കല്ലൂര് പഞ്ചായത്തിലെ റെയില്വേസ്റ്റേഷന് സമീപത്തെ മൂന്നേക്കര്‍ സ്ഥലത്തെ കപ്പക്കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. വിളവെടുക്കാറായ കൃഷിയാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് സമീപത്തെ കാട്ടില്‍നിന്ന് പന്നികളെത്തുന്നത് തടയാന്‍ കര്‍ഷകര്‍ വേലികെട്ടിയുള്ള സംരക്ഷണം എര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതെല്ലാം തകര്‍ത്താണ് പന്നികള്‍ കൃഷിനാശം വിതച്ചിരിക്കുന്നത്. പാട്ടത്തിന് സ്ഥലമെടുത്താണ് ഇവിടെ കര്‍ഷകര്‍ കൃഷിയിറക്കിയത്. കാട്ടുപന്നികളുടെ ശല്യത്തിനെതിരെ പഞ്ചായത്തിലും വില്ലേജിലും പരാതി നല്കിയിരുെന്നങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കൃഷിനാശത്തിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായും കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: