ചവറ: കെഎംഎംഎല്‍ ആസിഡ് കലര്‍ന്ന വെള്ളം കടലിലേക്കും ടിഎസ് കനാലിലേക്കും ഒഴുക്കുന്നത് വന്‍ദുരന്തത്തിന് കാരണമാകുന്നു. ചിറ്റൂര്‍ മേക്കാട്, കോവില്‍ത്തോട്ടം മേഖലയില്‍ ആസിഡ് കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നത് ജനജീവിതം ദുസഹമാക്കുകയാണ്. പ്രദേശത്തെ മിക്ക ആളുകളിലും ത്വക്ക്‌രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.
കെഎംഎംഎല്‍ കമ്പനിയുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം കാരണമാണ് ചിറ്റൂര്‍ മേഖല ദുരന്തഭൂമിയായിമാറിയത്. കമ്പനിയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ആസിഡ് കലര്‍ന്ന മലിനജലം ഭൂമിയില്‍ ലയിക്കാതെ കൂറ്റന്‍ ടാങ്കുകള്‍ നിമ്മിച്ച് കമ്പനി അതിര്‍ത്തിയില്‍ സൂക്ഷിക്കുകയും ടാങ്ക് നിറയുന്ന മുറക്ക് പൈപ്പുകളിലൂടെ കടലിക്ക് ഒഴുക്കിവിടുകയുമായിരുന്നു ചെയ്തുവന്നത്. എന്നാല്‍ അധികൃതരുടെ അനാസ്ഥമൂലം പൈപ്പിലൂടെ കടലിലേക്ക് ഒഴുക്കിവിട്ട മലിനജലം പ്രദേശമാകെ വ്യാപിച്ചതോടെയാണ് നാട്ടുകാരുടെ ദുരിതത്തിന് തുടക്കമായത്. ഇതോടെ കിണറുകളിലെല്ലാം ആസിഡ് വെള്ളം നിറഞ്ഞു.
കുടിക്കാനോ കുളിക്കാനോ തുണികള്‍ അലക്കാനോ പറ്റാത്ത അവസ്ഥയിലായി. ഈ പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ മലിനമാണ്. കൃഷികളാല്‍ സമ്പന്നമായ പ്രദേശം തരിശുഭൂമിയായിമാറി. വളര്‍ത്തുമൃഗങ്ങളെയൊന്നും സംരക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനത്താല്‍ ഏറെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളാണ് ചിറ്റൂരും മേക്കാടും കോവില്‍ത്തോട്ടവും. ഇവിടെ 1200 കുടുബങ്ങള്‍ അധിവസിക്കുന്ന 150 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുെന്നങ്കിലും നടപടി ഉണ്ടായില്ല.
മലിനമായ ഭൂമി, ജീവിക്കാന്‍ സാധിക്കാത്ത ഭൂമി പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, പ്രദേശത്ത് പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുക, മതിയായ ചികിത്സ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കടലിലേക്കും കായലിലേക്കും ഒഴുക്കിവിടുന്ന ആസിഡ് ജലം തീരദേശത്തെ മലിനമാക്കിയിരിക്കുകയാണ്. മത്സ്യസമ്പത്ത് പൂര്‍ണ്ണമായും നശിച്ചു. പൊന്മന മുതല്‍ നീണ്ടകര വരെ കടലും കായലും ചുവപ്പ് നിറമാണ്. തീരദേശത്ത് കടല്‍ കയറാതിരിക്കാന്‍ ഇട്ടിരിക്കുന്ന പാറ വരെ ചുവന്ന നിലയിലാണ്.
















