ഹാന: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വിയറ്റ്‌നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. ഹാനയില്‍ വിമാനമിറങ്ങിയ മോദിയെ വിയറ്റ്‌നാം അധികൃതര്‍ സ്വീകരിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശിക്കുന്നത്.
ഔദ്യോഗിക കൂടിക്കാഴ്ചക്ക് മുമ്പ് വിയറ്റ്‌നാം ഭരണാധികാരി ഹോചിമിന്റെ ശവകുടീരത്തിലും ദേശീയ നേതാക്കളുടെയും രക്തസാക്ഷികളുടെയും സ്മാരകത്തിലും മോദി പുഷ്പചക്രം അര്‍പ്പിച്ചു. കൂടാതെ ഹോചിമിന്‍ നിര്‍മിച്ച മുള കൊണ്ടുള്ള വസതിയും മീന്‍ കുളവും സന്ദര്‍ശിച്ചു. പിന്നീട് ഹനോയിലെത്തിയ അദ്ദേഹം ഭാരതീയരുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് ഉച്ചയ്‌ക്ക് ശേഷം വിയറ്റ്‌നാം പ്രധാനമന്ത്രിയുമായും രാഷ്‌ട്രപതിയുമായും ചര്‍ച്ച നടത്തും. വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ഡെയ് കുവാങ്, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ഗ്യുയെന്‍ ഫൂ ത്രോങ്, വിയറ്റ്നാം ദേശീയ അസംബ്ലി അധ്യക്ഷ എന്‍ഗ്യുയെന്‍ ധി കിം എന്‍ഗാന്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.
ചര്‍ച്ചയില്‍ പുതിയ എണ്ണ പര്യവേഷണ പദ്ധതികളും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. 650 കോടി രൂപയുടെ മുതല്‍ മുടക്കുള്ള നാലു നിരീക്ഷണ ബോട്ടുകള്‍ വിയറ്റ്‌നാമിന് കൈമാറാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കും.
വിയറ്റ്നാമില്‍ നിന്നും ഇന്ന് വൈകിട്ടോടെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ചൈനയിലേക്ക് തിരിക്കും. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അടക്കം ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിനിടെ ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിലും മോദി പങ്കെടുക്കും.
അഞ്ചാം തീയതി ഭാരതത്തിലെത്തുന്ന പ്രധാനമന്ത്രി ദ്വിദിന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലാവോസിലേക്ക് പുറപ്പെടും.
















