മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെയെന്ന് പറഞ്ഞ് ഇടതുപക്ഷ സ്പോണ്സര് ചെയ്ത ദേശീയ പണിമുടക്കിന് ജില്ലയില്‍ യാതൊരു ചലനവും സൃഷ്ടിക്കാനായില്ല. ഉച്ചവരെ കടകള്‍ അടഞ്ഞു കിടന്നു. പക്ഷേ അപ്പോഴും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടായിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം പ്രധാന നഗരങ്ങളെല്ലാം സജീവമായി. കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. പകല്‍ മുഴുവന്‍ പണിമുടക്ക് ആസ്വദിച്ച കുടുംബങ്ങള്‍ വൈകുന്നേരം നഗരങ്ങളിലേക്ക് എത്തി തുടങ്ങി. ആറ് മണിയോടെ എല്ലാം പഴയതുപോലെ. പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളുടെ നേതാക്കളില്‍ പലരും തലേദിവസത്തെ പന്തംകൊളുത്തി പ്രകടനത്തിന് ശേഷം പോയതാണ് പിന്നെ അവരെ കണ്ടിട്ടില്ല. മിക്കവരും കുടുംബങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു. പണിമുടക്ക് നേരത്തെ അറിഞ്ഞതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ ആരും ബുദ്ധിമുട്ടിയില്ല. എന്നാല്‍ രോഗികളും മറ്റും ദുരിതത്തിലായി.
അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ നടത്തിയ ഈ പണിമുടക്കില്‍ നിന്നും ബിഎംഎസും പോഷക സംഘടനകളും പിന്മാറിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികള്‍ ഉന്നയിച്ച 80 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചിട്ടും ഈ സമരം എന്തിനാണ് നടത്തിയതെന്ന ചോദ്യം പ്രസക്തമാണ്. രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം നടത്തിയ നാടകമാണ് ഈ പണിമുടക്ക്.
ഏത് പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ സന്നദ്ധമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എല്ലാ മേഖലയിലും അത് പ്രകടവുമാണ്. സര്‍ക്കാരിന്റെ മുന്‍ഗണന തൊഴിലാളികളും തൊഴിലില്ലാത്തവരും പട്ടിണി പാവങ്ങളുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികളെല്ലാം മുന്നോട്ടുനീക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളാണ് മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ജനങ്ങള്‍ അംഗീകരിക്കുന്നില്ല. അതിന് തെളിവാണ് ജനപങ്കാളിത്തമില്ലാത്ത ഈ പണിമുടക്ക്.
പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേന്ദ്രം മുന്‍കൈയെടുത്ത് സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്താണ് ബിഎംഎസ് സമരത്തില്‍ നിന്നും മാറി നിന്നത്. ഭരണത്തിലേറി നൂറുദിവസം തികയുമ്പോള്‍ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ സമ്മാനമാണ് ഈ അനാവശ്യ പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: