ഇടുക്കി: വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയില്‍ ഭാഗീകം. സമരാനുകൂലികള്‍ നെടുങ്കണ്ടം മുണ്ടിയെരുമയില്‍ വാഹനം തടഞ്ഞത് ചെറിയതോതില്‍ കയ്യാങ്കളിക്കിടയാക്കി. ഇന്നലെ വൈകിട്ടാണ് സംഭവം. നെടുങ്കണ്ടം പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്തു. എന്നാല്‍ പതിവ് പോലെ ഇത്തവണയും ജില്ലയിലെ നാല് പ്രധാന അതിര്‍ത്ഥി ചെക്ക് പോസ്റ്റുകള്‍ സജീവമായിരുന്നു. കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ എന്നിവിടങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് വന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ചായക്കടകള്‍ ഉള്‍പ്പെടയുള്ള കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഹൈറേഞ്ചില്‍ വിവിധഭാഗങ്ങളില്‍ രാവിലെ തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചെങ്കിലും വൈകിട്ടോടെ ഇവ വീണ്ടും തുറന്നു.
ഹൈറേഞ്ചിനെ അപേക്ഷിച്ച് ലോ റേഞ്ചിലാണ് ചെറു ടൗണുകള്‍ കൂടുതല്‍ സജീവമായത്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഇരുചക്രക്കാര്‍, യാത്രക്കാര്‍ തൊടുപുഴ നഗരത്തിലുള്‍പ്പെടെ നിരത്തിലിറങ്ങി. ഗ്രാമങ്ങളിലും സ്ഥിതി വ്യത്യസ്തമായില്ല.
















