തൊടുപുഴ: 6-ാമത് അന്തര്‍ദേശീയ മഹാഗണപതി സത്രത്തിന്റെ രണ്ടാം ദിവസം അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
അവിചാരിതമായി പണിമുടക്കെത്തിയെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് സത്രവേദിയിലേക്ക് ഒഴുകിയെത്തിയത്. നവഗണപതി പൂജയുടെ പ്രഥമഭാവത്തിലുള്ള ബാലഗണപതി പൂജയാണ് ഇന്നലെ സത്രം ശ്രീകോവിലില്‍ നടന്നത്. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് വേദി ഉണര്‍ന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ഗണപതിഹോമം. സത്ര ആചാര്യന്മാരായ ചേര്‍ത്തല ഗണേശന്‍, ചെങ്ങന്നൂര്‍ മോഹനവാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗണേശപുരാണ പാരായണവും വ്യാഖ്യാനവും നടന്നു. ഉച്ചയ്‌ക്കുള്ള ആദ്ധ്യാന്മിക സദസില്‍ ഭാഗവതാചാര്യന്‍ കാവനാട് രാമന്‍ നമ്പൂതിരി പ്രഭാഷണം നടത്തി.
















