പത്തനംതിട്ട: വിപണിയില്‍ ലഭിക്കുന്ന ശുദ്ധീകരിച്ച കുടിവെള്ളത്തില്‍ പലതിലും മാലിന്യം കണ്ടെത്തുന്നതായി പരാതി ഉയരുന്നു.
കുപ്പികളിലും ക്യാനുകളിലുമായി കുടിവെള്ളം വിതരണം ചെയ്യുന്ന നിരവധി കമ്പനികള്‍ ജില്ലയിലുണ്ട്. ഇവരില്‍ പലരും സ്വന്തമായി ജലം ശുദ്ധീകരിച്ച് കുപ്പികളില്‍ നിറയ്ക്കുന്നതിന് പകരം മറ്റ് സ്ഥലങ്ങളില്‍ നിന്നും എത്തിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പകര്‍ച്ച വ്യാധികളെ ഭയന്ന് ശുദ്ധീകരിച്ച കുടിവെള്ളം ഉപയോഗിക്കുന്നത് ജനങ്ങളും ശീലമാക്കിയതോടെ ദിനംപ്രതി വലിയതോലിലാണ് കുപ്പിവെള്ളം വിറ്റഴിയുന്നത്.
ഓഫീസുകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന 20 ലിറ്റര്‍ ക്യാനുകളിലെത്തുന്ന ജലം അതിവേഗത്തില്‍ മാലിനമാകുന്നതായ പരാതി വ്യാപകമാണ്. പല പ്രമുഖ കമ്പനികളുടെയും ജലമാണ് ഇത്തരത്തില്‍ മാലിന്യം നിറയുന്നതെന്നതും ശ്രദ്ധേയമാണ്. പല ബോട്ടിലുകളിലും കുടിവെള്ളം നിറയ്ക്കുന്ന തീയതിപോലും രേഖപ്പെടുത്തിയിട്ടില്ല. മിക്ക ഓഫീസുകളിലും നഗരങ്ങളിലെ വീടുകളിലും ബോട്ടില്‍വെള്ളം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജലം ഒരു മാസം വരെ കേടുവരാതെ ഇരിക്കുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മിക്കപ്പോഴും രണ്ടാഴ്ച കഴിയുമ്പോള്‍ തന്നെ ക്യാനുകള്ക്കടിയില് പായല്‍ രൂപപ്പെടുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. ബോട്ടിലുകള്‍ ശരിയായ രീതിയില്‍ ശുദ്ധീകരിക്കാതെ ജലം നിറയ്ക്കുമ്പോഴും പായല്‍ പിടിക്കാനുള്ള സാധ്യത ഏറെയാണ്.
എന്നാല്‍ കുപ്പിവെള്ളം എത്രനാള്‍ വേണമെങ്കിലും ഉപയോഗിക്കുന്നതിന് ഇതില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായ പരാതിയും ഉയരുന്നുണ്ട്.
ജലം തുറന്നു വെച്ചാല്‍ പ്രാണികള്പോലും അടുക്കാത്ത അവസ്ഥയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
ബോട്ടിലുകളില്‍ വരുന്ന ജലത്തിന്റെ പാക്കിങ് ശരിയായ രീതിയിലല്ലെന്നും പരാതികളുണ്ട്. പല കമ്പനികളും പാലിയ്ക്കേണ്ട നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കുകയാണ്. ശുദ്ധജലമെന്ന മുദ്രയോടെ വിപണിയിലെത്തുന്ന ഇത്തരം ജലത്തിന്റെ പരിശോധന കൃത്യമായി നടക്കുന്നുണ്ടോ എന്നതും ആശങ്കയുയര്‍ത്തുന്നു. പൊതുസമൂഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ക്കുമേല്‍ അധികാരികളുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് ഉപഭോക്താക്കളും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: