കട്ടപ്പന: സമുദായത്തിലെ കുലംകുത്തികളായി വി.എസും സുധീരനും അധപതിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മലനാട് യൂണിയനിലെ മൈക്രോഫിനാന്‍സ് പദ്ധതിയുടെ 21-ാം ഘട്ടം കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന തന്നെ നിരന്തരം വേട്ടയാടുന്നത് സമുദായ അംഗങ്ങളായ ഇവരാണ്.
നാം ജാതി ഭേതം വിട്ടിട്ട് ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് ഗുരു പറഞ്ഞത്. ഇത് മനസിലാക്കാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഗുരുദേവ ദര്‍ശനങ്ങളെ വളച്ചൊടിക്കുയാണ്. ബാങ്ക് നേരിട്ട് വിതരണം ചെയ്യുന്ന മൈക്രോഫിനാന്‍സ് പദ്ധതിയില്‍ യൂണിയനോ, യോഗമോ യാതൊരു ഇടപെടലും നടത്താറില്ല യോഗത്തിന്റെ ഒരു ശിപാര്‍ശ കത്ത് മാത്രമാണ് നല്‍കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യോഗം നല്കുന്ന മൈക്രോഫിനാന്‍സ് വായ്പയെ മാത്രം കുറ്റപ്പെടുത്തുകയും മറ്റ് സമുദായങ്ങള്‍ വിതരണം ചെയ്യുന്ന വായ്പകളില്‍ ഒരക്ഷരം ഉരിയാടാത്തതും ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് നിര്‍മ്മിക്കുന്ന കോളേജിന്റെ നിര്‍മ്മാണത്തിലേക്ക് ശാഖായോഗങ്ങള്‍ നല്കുന്ന ഫണ്ട് ജനറല്‍ സെക്രട്ടറി ഏറ്റുവാങ്ങി.
രാവിലെ 11മണിയോടെ പ്രവര്‍ത്തക യോഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. യൂണിയന് പ്രസിഡന്റ് ബിജു മാധവന് അധ്യക്ഷനായിരുന്നു. യൂണിയന് വൈസ് പ്രസിഡന്റ് വിധു എ സോമന്, സെക്രട്ടറി വിനോദ് ഉത്തമന്, പച്ചടി ശ്രീധരന് സ്മാരക നെടുങ്കണ്ടം യൂണിയന് പ്രസിഡന്റ് സജി പറമ്പത്ത്, ഇടുക്കി യൂണിയന് സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി.ആര് മുരളീധരന്, ഷാജി യൂണിയന് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
















