ചങ്ങനാശ്ശേരി: തപാല്‍വകുപ്പില്‍ ഇഡി പോസ്റ്റുമാന്മാര്‍ക്ക് പകരം പോകുന്ന പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വേതനത്തില്‍ കുറവുവരുത്തിയതായി പരാതി. നിലവില്‍ 6000 രൂപയും അതിനുമുകളിലും വേതനം ലഭിച്ചിരുന്നവര്‍ക്ക് 25 ശതമാനത്തോളം വേതനത്തില്‍ കുറവു വരുത്തിയതായിട്ടാണ് ആക്ഷേപം. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം മൂന്നിരട്ടി ശമ്പളവര്‍ദ്ധനവ് വരുത്തിയപ്പോള്‍ താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഉത്സവബത്ത, ബോണസ് എന്നിവ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും ഇവര്‍ പറയുന്നു. ഓണം ആഘോഷിക്കാന്‍ പോസ്റ്റല്‍ അധികാരികള്‍ കനിയണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി കേന്ദ്ര-സംസ്ഥാന മേധാവികള്‍ക്ക് നിവേദനം നല്‍കി.
















