കാഞ്ഞാര്‍: വെള്ളിയാമറ്റത്തെ ദേവരുപാറയില്‍ പുലിയെ കണ്ടത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ ഇവിടെ കണ്ടത് പൂച്ചപ്പുലിയെന്നാണ് വനം വകുപ്പ് നല്‍കുന്ന വിശദീകരണം. സമീപത്തെ കൃഷിയിടത്തില്‍ പണിക്കെത്തിയവരാണ് വനത്തിന് സമീപത്തായി പുലിയെ കണ്ടത്. വനംവകുപ്പ് അധികൃതരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല
കഴിഞ്ഞ ദിവസം രാത്രി ആലക്കോട് അഞ്ചിരിക്കവലയില്‍ പുലിയെ കണ്ടതായി വാര്‍ത്ത പരന്നിരുന്നു. ആലക്കോട് കലയന്താനി റോഡിലൂടെ പോയ ബൈക്ക് യാത്രികരാണ് പുലിയെ കണ്ടതായി പറഞ്ഞത്.
പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസും, തൊടുപുഴ റേഞ്ച് ഓഫീസിനു കീഴിലെ ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
മണ്ണില്‍ പുതഞ്ഞ വലിയ കാല്‍പ്പാദങ്ങള്‍ കണ്ടിരുന്നുവെങ്കിലും ഇവ പുലിയുടേതാണോയെന്ന് സ്ഥിരീകരിക്കാനായില്ല. വലിയ പൂച്ചപ്പുലിയുടേതാവാന്‍ സാദ്ധ്യതയുണ്ടെന്ന് പരിശോധനക്കെത്തിയ ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
പരിശോധന നടത്തിയെന്നും ഭയക്കാനില്ലെന്നും തൊടുപുഴ റേഞ്ച് ഓഫീസര്‍ ബാബു കെ എന്‍ പറഞ്ഞു. ഇതിനിടെ പുലിയെ കണ്ടതായി പറയുന്ന അഞ്ചിരിയിലും പരിസരത്തും പ്രദേശവാസികള്‍ ഭീതിയിലാണ്. ദേവരുപാറമല, പറമ്പാട്ട്മല എന്നിവ കുളമാവ് വനത്തിന് സമീപത്തായുള്ള വനപ്രദേശങ്ങളാണ്.
















