കുമളി: മ്ലാമലയില്‍ തോട്ടത്തിലൂടെയുള്ള റോഡ് ഉടന്‍ തന്നെ തുറന്നു കൊടുക്കാമെന്ന് പോബ്‌സ് ഗ്രൂപ്പിന്റെ ഉറപ്പ്.
ഇന്നലെ വണ്ടിപ്പെരിയാറില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തോട്ടത്തിലൂടെയുള്ള റോഡ് തുറന്നു കൊടുക്കാന്‍ തയാറാണെന്ന് പോബ്‌സ് അധികൃതര്‍ അറിയിച്ചത്. ഇതോടെ റോഡു തുറക്കുന്നതുമായി ബന്ധപ്പെട്ടു രണ്ടു ദിവസമായി പ്രദേശത്തു നിലനിന്ന സംഘര്‍ഷത്തിന് അയവുവന്നു.
മ്ലാമലയില്‍ പോബ്‌സ് ഗ്രൂപ്പിന്റെ തോട്ടത്തിലൂടെ കടന്നു പോകുന്ന റോഡ് തുറക്കാന്‍ കഴിഞ്ഞ ദിവസം ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതു മറികടന്ന് റോഡ് അടയ്‌ക്കാന്‍ എസ്‌റ്റേറ്റ് അധികൃതര്‍ ശ്രമിച്ചതോടെയാണ് പ്രദേശവാസികള്‍ സംഘടിച്ചത്.
മ്ലാമല കല്ലുകാട് ഹരിജന്‍ കോളനിയിലേയും സമീപത്തുള്ള ഇരുനൂറിലധികം കുടുംബങ്ങളുടേയും നടപ്പാതയായിരുന്ന റോഡ് തേങ്ങാക്കല്‍ എസ്‌റ്റേറ്റ് പോബ്‌സ് ഗ്രൂപ്പ് വാങ്ങിയതോടെയാണ് റോഡ് അടച്ചത്. ഇതിനെതിരേ അധികൃതര്‍ ഇടുക്കി ആര്‍ഡിഒയ്‌ക്കു പരാതി നല്‍കി അനുകൂല ഉത്തരവു സമ്പാദിക്കുകയായിരുന്നു.
തോട്ടം തുറക്കാന്‍ ഉത്തരവു വന്നതോടെ കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി റോഡ് തുറന്നിരുന്നുവെങ്കിലും എസ്‌റ്റേറ്റ് അധികൃതര്‍ ബലമായി റോഡ് അടയ്‌ക്കുകയായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയതോടെയാണ് തോട്ടം മാനേജുമെന്റ് ഇന്നലെ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നിലപാടു മയപ്പെടുത്തിയത്.
റോഡു തുറന്നുകൊടുക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവു തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും വണ്ടിപ്പെരിയാര്‍ പോലീസ് അറിയിച്ചു.
















