കല്‍പ്പറ്റ : വാഴവറ്റയ്ക്ക് സമീപം സ്വകാര്യ വ്യവസായികളില്‍ നിന്ന് സര്‍ക്കാറിലേക്ക് വില്പന നികുതി, വരുമാന നികുതി ഇനങ്ങളിലായി 1.75 കോടി രൂപ ഈടക്കാന് പോലീസ് സംരക്ഷണയോടെ പോയ ഉദ്യോഗസ്ഥ സംഘത്തെ സിനിമാ സ്റ്റൈലില്‍ വീടും വീടിന്റെ ഗേറ്റും പൂട്ടിയിട്ട് മര്‍ദ്ദിച്ചു.ഗുണ്ടാസംഘത്തെ ഇറക്കിയായിരുന്നു ഭീകരാവസ്ഥ സൃഷ്ടിച്ചത്. ഒടുക്കം കൂടുതല്‍ പോലീസെത്തി പൂട്ടുപൊളിച്ച് വീട്ടുവളപ്പിലും പിന്നീട് വീടിനുള്ളിലും കടന്നാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. കല്‍പ്പറ്റക്കടുത്ത വാഴവറ്റയിലായിരുന്നു സംഭവം. വാഴവറ്റ മൃഗാശുപത്രി കവലക്ക് സമീപം മൂങ്ങനാനിയില്‍ ആന്റോ അഗസ്റ്റിന്, സഹോദരന് ജോസ്കുട്ടി അഗസ്റ്റിന്, ഇവരുടെ ഉടമസ്ഥതയിലുള്ള ഏഷ്യന്‍ മോട്ടേഴ്സ് എന്നിവരില്‍ നിന്നായി കഴിഞ്ഞ മാര്‍ച്ച് 31ന് മുന്‍പ് ഈടാക്കാന്‍ ജപ്തി ഉത്തരവായ 17453052 രൂപ വസൂലാക്കുന്നതിനായാണ് കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ അമ്പലവയല്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശങ്കര്‍, മുട്ടില്‍ സൗത്ത് വില്ലേജ് വില്ലേജ് ഓഫീസര്‍ പ്രിയ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് റവന്യൂ ഉദ്യോഗസ്ഥരും മീനങ്ങാടി എസ് ഐ അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ ഒരു ജീപ്പില്‍ നിറയെ പോലീസും എത്തിയത്. ജപ്തിക്ക് കോടതി സ്റ്റേയുണ്ടെന്ന വ്യാജ പ്രസ്താവന നടത്തി ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറുകയാണ് ആന്റോഅഗസ്റ്റിനും ജോസ്കുട്ടിഅഗസ്റ്റിനും ചെയ്തത്. വീടിന് അകത്ത് കയറിയ റവന്യൂ ഉദ്യോഗസ്ഥരെ വാതില്‍ പൂട്ടി ബന്ദിയാക്കിയ ഇവര്‍ പുറത്ത് കരുതി നിര്‍ത്തിയിരുന്ന ഗുണ്ടകളെ കൊണ്ട് വീടിന്റെ ഗേറ്റും പൂട്ടിച്ചു. തുടര്‍ന്ന് പോലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നേരെ സിനിമാ സ്റ്റൈലില്‍ കയ്യേറ്റവും തുടങ്ങി. കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നതില്‍ ഇവരുടെ മതാവ് ഇത്താമ്മ, ആന്റോ അഗസ്റ്റിന്റെ ഭാര്യ ടെസിറോയി എന്നിവരെയും രംഗത്തിറക്കി. അരമണിക്കൂറിലേറെ ഉദ്യോഗസ്ഥരും ഗുണ്ടാസംഘവും ഏറ്റുമുട്ടി. ചെറുക്കാന്‍ ശ്രമിച്ച മീനങ്ങാടി സ്റ്റേഷനിലെ വനിതാ പോലീസുകാരായ ആയിഷ, രഞ്ജിത, സുലോചന എന്നിവര്‍ക്ക് പരുക്കേറ്റു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ അമര്‍ച്ച ചെയ്തത്. ആന്റോ അഗസ്റ്റിന്, മാതാവ് ഇത്താമ്മ, ഭാര്യ ടെസി റോയി, സഹായികളായ രമേഷ്, ചന്ദ്രന്, ജനാര്ദ്ദനന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വീടിനുള്ളില്‍ വിവാദ വ്യവസായികളുടെ രോഗാതുരനായ പിതാവും ഒരു സാഹായിയും ഉണ്ടായിരുന്നു. അതിനാല്‍ വീട് പൂട്ടി സീല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പകരം ഇളകുന്ന മുതലുകള്‍ കസ്റ്റഡിയില്‍ എടുത്തതായും റവന്യൂ അധികൃതര്‍ അറിയിച്ചു. പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മീനങ്ങാടി പോലീസ് അറിയിച്ചു.
ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യം അടക്കമുള്ള ഇടപാടുകള്‍ സംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: