കൊല്ലം: ജില്ലാ ആശുപത്രിയില്‍ മയ്യത്ത് പള്ളി നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയോഗത്തിലേക്ക് തള്ളിക്കയറി. ഇന്നലെ ഉച്ചയോടെയാണ് നൂറോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
മോര്‍ച്ചറിക്ക് സമീപം 20 അടി വലിപ്പത്തില്‍ പ്രത്യേകമുറി നിര്‍മിച്ച് മയ്യത്ത് പള്ളിയാക്കാനുള്ള ഉത്തരവാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. ആശുപത്രികള്‍ മതകേന്ദ്രങ്ങളാക്കി മാറ്റി ന്യൂനപക്ഷ പ്രീണനം നടത്തി രാജ്യത്തിന്റെ മതേതരത്വം നശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. യാതൊരു കാരണവശാലും ഉത്തരവ് നടപ്പാക്കില്ലെന്ന് അധികാരികള്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍.എസ്.രാജീവ്, സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത്, ട്രഷറര്‍ ആര്‍.എസ്.സമ്പത്ത്, ജില്ലാപ്രസിഡന്റ് ടി.വി.സനല്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ വി.എസ്.ജിതിന്‍ദേവ്, എച്ച്.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാഭാരവാഹികളായ വിഷ്ണുപ്രസാദ്, രാകേഷ്പുത്തന്‍ നട, രതീഷ് ഇരണൂര്‍, അനീഷ് ചാത്തന്നൂര്‍, രതീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















