കാസര്‍കോട്: ഐല ശ്രൂ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര മൈതാനിയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസ് പണിയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന നിരാഹാര സമരത്തില്‍ ജനരോഷമിരമ്പി. ഐല അമ്പലമുറ്റത്ത് നിന്ന് പ്രകടനമായെത്തിയ ഭക്തര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഒരു ദിവസത്തെ നിരാഹാര സത്യാഗ്രഹം നടത്തി. നയാബസാറിനെ ഇളക്കി മറിച്ചു കൊണ്ട് നടന്ന സമാധാനപരമായ സമരത്തില്‍ ആയിരത്തിലധികം ഭക്തജനങ്ങള്‍ പങ്കെടുത്തു. നൂറ്റാണ്ടുകളായി ക്ഷേത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയാണ് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. മഞ്ചേശ്വരം താലൂക്ക് ഓഫീസ് പണിയുമെന്ന് പറയുന്ന ഭൂമിയില്‍ എട്ട് കട്ടകളും ക്ഷേത്രം വിഷുവിന് വെടിക്കെട്ട് നടത്തുന്ന സ്ഥലവും ഉള്‍പ്പെടും. എല്ലാ മാസവും സംക്രമണ നാളില്‍ ഇവിടെ വിളക്ക് വെച്ച് പ്രത്യേക പൂജകള്‍ നടത്തി വരുന്നുണ്ട്.
വിഭിന്ന മതവിഭാഗങ്ങളെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതീയ സംസ്കാരത്തിനുള്ളത്. കാസര്‍കോട് ജില്ലയില്‍ മത സാഹോദര്യ ഐക്യം തകര്‍ക്കാനുള്ള ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരാണ് ക്ഷേത്ര ഭൂമി തന്നെ താലൂക്ക് ഓഫീസിനായി വേണമെന്ന് വാശിപ്പിടിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. സര്‍വ്വമത സംയോജനമാണ് ഭാരതീയ സംസ്കാരം. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടേതായ ആരാധനാസ്വാതന്ത്യം ഉണ്ട്. സര്‍ക്കാറും കളക്ടറും ഭൂമി ക്ഷേത്രത്തിന് വിട്ട് നല്കാന് പറഞ്ഞിട്ടും പഞ്ചായത്ത് അതിന് തയ്യാറാകുന്നില്ല. ഭക്ത ജനങ്ങളുടെ മാനസികാവസ്ഥ കണക്കിലെടുക്കാതെ പഞ്ചായത്ത് മുന്നോട്ട് പോയാല്‍ സമരം ശക്തമാക്കും. എല്ലാവര്ക്കും അനുയോജ്യമായ സ്ഥലം മഞ്ചേശ്വരത്ത് ഉണ്ടായിട്ടും ഐല മൈതാനിയില്‍ തന്നെ പണിയുമെന്ന് പറഞ്ഞ് മുന്നോട്ട് പോകുന്നതിന് പിന്നില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില് വേണ്ടി വന്നാല്‍ 100 ദിവസത്തിലധികം സമരം നടത്താനും തയ്യറാകുമെന്ന് രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് നാരായണ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ഒടിയൂര്‍ ഗുരുദേവ സ്വമിജി, മോഹന്‍ ദാസ് പരമഹംസ സ്വാമിജി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കന്നഡ ആര്‍എസ്എസ് പ്രമുഖ് ഗോപാല്‍ ചെട്ടിയാര്‍, സേവാസമിതി പ്രസിഡണ്ട് ദിനേശ്, സമരസമിതി പ്രസിഡണ്ട് അഡ്വ.കെ.പി വത്സരാജ്, ക്ഷേത്ര ഭക്തജന സേവാസമിതി പ്രസിഡണ്ട് നാരായണ ഹോഗ്ഡെ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിരാഹാര സത്യാഗ്രഹം ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഐല ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര മൈതാനിയില്‍ താലൂക്ക് ഓഫീസ് പണിയാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിനു മുന്നിലെ നിരാഹാര വേദിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: