ഞൊറിവുള്ള നീളന്‍ പാവാട. ഇറക്കി തുന്നിയ അയവുള്ള ബ്ലൗസ്, തലയില്‍ തട്ടനിട്ടതു പോലെ ശിരോവസ്ത്രം. നിറയെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രത്തയ്യലുകളായിരിക്കും. ഒപ്പം കണ്ണാടിത്തുണ്ടുകളും പഴയ ചെമ്പു നാണയങ്ങളും ശംഖും ചേര്‍ത്ത് അലങ്കരിച്ചിരിക്കും. തോളറ്റം വരെ വളകള്‍. ദക്ഷിണ ഭാരതത്തിലെ ലംബാനി വനിതകളുടെ പരമ്പരാഗത വേഷമാണിത്. ലോകമെങ്ങുമുള്ള വസ്ത്രഡിസൈനര്മാര്ക്ക് പ്രചോദനമായ വേഷം. റാംപിലും സിനിമയിലും ഫ്യൂഷനായി മാറുന്ന ലംബാനി ‘മോട്ടിഫ്സ്’.
ആഭരണങ്ങളിലുമുണ്ട് ഈ പുതുമകള്‍. വീട്ടിലിരിക്കുമ്പോഴും വിരുന്നിനുപോകുമ്പോഴുമെല്ലാം സ്വയം അലങ്കരിക്കാതെ ഈ നാടോടിപ്പെണ്ണുങ്ങളെ കാണാനാവില്ല. മറ്റൊരാളെക്കൊണ്ട് തയ്പ്പിച്ചെടുക്കുന്നതല്ല ഇതൊന്നും. സ്വന്തം വിരലിന്റെ മായാജാലങ്ങള്‍. കൈയില്‍ വര്‍ണ്ണ നൂലുകളും സൂചിയുമില്ലാതെ ലംബാനി പെണ്ണുങ്ങളെ കാണുന്നത് അപൂര്‍വ്വം.
രാജസ്ഥാനിലെ മാര്‍വാറില്‍ നിന്ന് ദക്ഷിണ ഭാരതത്തിലേക്ക് കുടിയേറിയ നാടോടികളാണ് ലംബാനികള്‍. ക്ഷത്രിയ പാരമ്പര്യമുള്ളവര്‍. മുഗളന്മാരുടെ അധിനിവേശത്തെ ആദ്യം ചെറുത്ത സമൂഹം. പക്ഷേ രാജസ്ഥാനില്‍ അന്നവര്‍ക്ക് നാട്ടുരാജാക്കന്മാരുടെ സഹായം ലഭിച്ചില്ല. യുദ്ധത്തില്‍ തോറ്റപ്പോള്‍ നാടുവിടേണ്ടി വന്നു. എത്തിപ്പെട്ടത് ഹൈദരാബാദില്‍ ഇന്നത്തെ ‘ബംജാര ഹില്‍സി’ല്‍. നാടോടി എന്നാണ് ബംജാര എന്ന പദത്തിനര്‍ത്ഥം. പിന്നീട് അവിടെ നിന്ന് കര്‍ണാടകത്തിലേക്കും മഹാരാഷ്ട്രയിലേക്കും കുടിയേറ്റം. ഗുല്‍ബര്‍ഗയിലെ ‘ഏവൂര്‍ തന്‍ഡ’യാണ് ലംബാനികളുടെ പ്രധാനകേന്ദ്രം. വനപ്രദേശങ്ങളോട് ചേര്‍ന്നാണ് ഇവരുടെ അധിവാസ കേന്ദ്രങ്ങളേറെയും. വിറകുശേഖരിക്കലും തേനെടുക്കലുമാണ് പുരുഷന്മാരുടെ തൊഴില്‍. മുന്‍പ് പട്ടാളക്കാര്‍ക്ക് ധാന്യങ്ങളെത്തിച്ചിരുന്നതും ലംബാനികളായിരുന്നു. കര്‍ണാടകത്തിലാണ് ഈ സമൂഹം ഏറെയുള്ളത്. ഒന്നരക്കോടിയോളം.
കൂട്ടമായിരുന്ന് തയ്യല്പ്പണിയിലേര്പ്പെട്ടിരിക്കുന്ന ലംബാനി വനിതകളെ ബെംഗളൂരു പോലുള്ള വന്‍നഗരങ്ങളില്‍ കാണാം. പെണ്മക്കളുടെ വിവാഹത്തിന് മറ്റാര്‍ക്കുമില്ലാത്തൊരു ജോഡി വസ്ത്രം. അതു തുന്നിയെടുക്കാനുള്ള വ്യഗ്രതയാണ് ഓരോ ലംബാനിക്കും. ആഭരണത്തേക്കാളും പണത്തേക്കാളും അഭിമാനത്തിന്റെ പ്രശ്നമാണത്. ലംബാനി തയ്യലിന് കച്ച് തയ്യലിനോട് സാമ്യമുണ്ട്. ക്രോസ് ,ക്വില്റ്റ് സ്റ്റിച്ചുകള്‍ ലംബാനിയിലാണ് കൂടുതല്‍. ‘കാംഗ്രൂ’ എന്ന പാച്ച് വര്‍ക്കാണ് മറ്റൊരു പ്രത്യേകത. പല രൂപങ്ങളിലുള്ള ആപ്ലിക് വര്‍ക്കുകളും കാണാം. ചുവപ്പ്്, നീല, മഞ്ഞ നിറങ്ങളിലുള്ള കോട്ടണ്‍ ഖാദി വസ്ത്രങ്ങളാണ് ലംബാനികള്ക്ക് പ്രിയം. മാതളനാരങ്ങത്തൊലിയില് നിന്നും അരിയില്‍ നിന്നുമെടുത്ത ചായങ്ങളാണ് വസ്ത്രങ്ങളില്‍ ഏറെയും ഉപയോഗിക്കുന്നത്. പച്ചകുത്തും ലംബാനികള്ക്ക് ഒഴിവാക്കാനാവാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: