കോഴിക്കോട്: രാമന്റെ അയനമാണ് രാമായണമെങ്കില്‍ രാമായണത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് വരായണം. രാമകഥാമൃതം കിളിക്കൊഞ്ചലായി എഴുത്തച്ഛന്‍ മലയാളികള്‍ക്ക് നല്‍കിയെങ്കില്‍ രാമകഥ ദൃശ്യ രൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് മലപ്പുറം തിരുവാലി സ്വദേശിയായ മനു കള്ളിക്കാട്.
40 ഓളം ചിത്രങ്ങളിലായാണ് രാമായണത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. ആദികാവ്യത്തിന് ദൃശ്യാവിഷ്‌ക്കാരം ഒരുക്കാനായി മനു തെരഞ്ഞെടുത്ത മാധ്യമമാകട്ടെ മണ്ണാണ്. ലളിതമായ വരകളിലൂടെയാണ് ഓരോ ചിത്രവും ഒരുക്കിയിരിക്കുന്നത്. ഇണപ്പക്ഷികളിലൊന്ന് അമ്പേറ്റു പിടയുന്നത് വാത്മീകി കാണുന്നതുമുതല്‍ സീതാദേവി ഭൂമി പിളര്‍ന്ന് പോകുന്നതു വരെയുള്ള രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം കാണാനെത്തുന്നവരുടെ മനസ്സില്‍ വരായണം പുതിയ ലോകം തുറന്നിടുകയാണ്
വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ആദികാവ്യം ദൃശ്യവത്ക്കരിക്കാന്‍ തോന്നിയതിന് പിന്നിലെന്ന് മനു പറയുന്നു. ഏകദേശം ഏഴു മാസത്തെ പ്രയത്‌നം കൊണ്ടാണ് ഈ ചിത്രങ്ങള്‍ വരച്ചുതീര്‍ത്തത്. ഓരോ സന്ദര്‍ഭത്തെക്കുറിച്ചും നിരവധി സ്‌കെച്ചുകള്‍ വരച്ചു. പിന്നീട് ഏറ്റവും മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് മണ്ണില്‍ വരയ്‌ക്കുകയായിരുന്നു. സംസ്‌കാരത്തിന്റെ വേരുകള്‍ ചെന്നുനില്‍ക്കുന്നത് മണ്ണിലാണ്. മണ്ണാകട്ടെ നമുക്ക് അമ്മയും ദേവിയുമാണ്. മണ്ണിന്റെ മഹത്വം പകര്‍ന്നുകൊടുക്കാനും മണ്ണിലൂടെ പ്രകൃതിയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കാനുമാണ് ചിത്രങ്ങള്‍ക്കുളള മാധ്യമമായി മണ്ണ് തെരഞ്ഞെടുക്കാന്‍ കാരണമായതെന്നും മനു പറയുന്നു.
ഇതിന് മുമ്പും വ്യത്യസ്തകള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് മനുകള്ളിക്കാട്. മനു തീര്‍ത്ത വിവിധ കൊളാഷുകള്‍ മൂന്നു തവണ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.കോഴിക്കോട് ബാങ്ക്‌മെന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം 31 ന് സമാപിക്കും.
















