തൊടുപുഴ: മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ നിര്‍മ്മിച്ച വിജ്ഞാന മാതാ പള്ളി സെമിത്തേരിയില്‍ ആറ് മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചതായി തൊടുപുഴ മുനിസിഫ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ കണ്ടെത്തി. ഇന്നലെ ഉച്ചതിരിഞ്ഞാണ് അഭിഭാഷക കമ്മീഷന്‍ പള്ളിക്ക് സമീപമുള്ള സെമിത്തേരിയില്‍ പരിശോധന നടത്തിയത്. അടക്കിയിരിക്കുന്ന എല്ലാ മൃതദേഹങ്ങളും തൊടുപുഴയ്‌ക്ക് പുറത്തുള്ളവരുടേതാണ്. എറണാകുളം, മൈലക്കൊമ്പ്, രാജകുമാരി എന്നീ സ്ഥലങ്ങളിള്ളവരുടെ മൃതദേഹമാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത്. പള്ളിക്ക് സമീപത്ത് താമസിക്കുന്ന ജോര്‍ജ് അവിര കടുകുംമാക്കലായുടെ പരാതിയെത്തുടര്‍ന്നാണ് കോടതി കമ്മീഷനെ നിയോഗിച്ചത്.
കമ്മീഷന്റെ കണ്ടെത്തല്‍ പള്ളി അധികൃതര്‍ക്കെതിരെയുള്ള കുരുക്ക് മുറുകുകയാണ്. ഹൈക്കോടതിയിലും ഇത് സംബന്ധിച്ച കേസുകള്‍ നിലനില്‍ക്കുകയാണ്. മുനിസിപ്പല്‍ ലൈസന്‍സില്ലാതെ ഒരു മൃതദേഹം സംസ്‌ക്കരിച്ചെന്നാണ് പള്ളി അധികൃതര്‍ മൂന്ന് മാസം മുന്‍പ് മുനിസിപ്പല്‍ അധികൃതരെ അറിയിച്ചിരുന്നത്. ലൈസന്‍സില്ലാതെ മൃതദേഹം സംസ്‌ക്കരിച്ച വിവരം മുനിസിപ്പല്‍ സെക്രട്ടറി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് കഴിഞ്ഞിട്ടും പള്ളിയില്‍ വീണ്ടും മൃതദേഹം അടക്കിയ നടപടി പള്ളിക്കാരുടെ കടുത്ത നിയമലംഘനത്തിന്റെ ഉദാഹരണമാണ്.
















