ന്യൂദല്‍ഹി: ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ബലൂച്ച് നേതാക്കള്‍ മുദ്രാവാക്ക്യം മുഴക്കി. ലണ്ടനിലെ ചൈനീസ് എംബസിക്കു മുന്നിലാണ് ബലൂച്, സിന്ധി നേതാക്കള്‍ മുദ്രാവാക്ക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചത്. ബലൂചിസ്ഥാന്റെ രക്ഷകനാണ് മോദിയെന്ന് മുദ്രാവാക്യങ്ങളിലുടനീളം നേതാക്കള്‍ പറഞ്ഞു. ചൈനയ്‌ക്ക് എതിരായ പ്ലക്കാര്‍ഡുകളുമേന്തി എംബസിക്കു മുന്നില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ ആസാദി മുദ്രാവാക്യങ്ങളും മുഴക്കി.
ബലൂച് ജനതയുടെ അനുവാദമില്ലാതെ പാക്കിസ്ഥാനും ചൈനയ്‌ക്കും ബലൂചിസ്ഥാനില്‍ ഒന്നും ചെയ്യാനാകില്ലെന്നും ബലൂച് നേതാവ് നൂര്‍ദീന്‍ മെംഗാല്‍ പറഞ്ഞു.
ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ചൈനീസ് ഇടനാഴിക്കുമെതിരേ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആദ്യ പ്രതിഷേധമായിരുന്നു ലണ്ടനിലേത്.
സിന്ധി ബലൂച് ഫോറം, വേള്‍ഡ് സിന്ധി കോണ്‍ഗ്രസ്, ബലൂച് നാഷണല്‍ മൂവ്‌മെന്റ്, ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ബലൂച് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ യുകെ, ബലൂച് സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് അസോസിയേഷന്‍, ബലൂച് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്.
ബലൂചിസ്ഥാനിലെ ചൈന-പാക് വാണിജ്യ ഇടനാഴിയുടെ പേരില്‍ ഭാരതത്തിന് ചൈന മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ലണ്ടനിലെ ചൈനീസ് എംബസിക്കു മുന്നില്‍ ബലൂച്, സിന്ധി നേതാക്കളുടെ പ്രതിഷേധം.
















