ന്യൂദൽഹി: പത്താൻകോട്ട് വ്യോമസേന ആസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതികൾ ആസൂത്രണം ചെയ്തത് പാക്കിസ്ഥാനെന്ന് അമേരിക്ക. പാക്കിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ടെന്ന ഭാരതത്തിന്റെ വാദത്തിന് കൂടുതൽ ബലമേകുന്ന തെളിവുകളാണ് അമേരിക്ക ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ജനുവരി രണ്ട് പത്താൻകോട്ടിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെതിരെ എൻഐഎ എഫ്ഐആർ തയ്യാറാക്കുന്നതിനിടയിലാണ് പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അമേരിക്ക ഭാരതത്തിന് കൈമാറിയത്.
പത്താൻകോട്ട് ആക്രമണത്തിന് പിന്നിലുള്ള ജെയ്ഷെ ഈ മുഹമ്മദ് ഭീകരരുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഐപി വിലാസവും, ജെയ്ഷെ മുഹമ്മദിന്റെ സാമ്പത്തിക സ്ത്രോതസായ അൽ റഹ്മത് ട്രസ്റ്റിന്റെ വെബ്സൈറ്റിന്റെ ഐപി വിലാസവും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചതാണെന്ന സുപ്രധാന വിവരമാണ് അമേരിക്ക ദേശീയ സുരക്ഷാ ഏജൻസിക്ക് (എൻഐഎ) കൈമാറിയിരിക്കുന്നത്.
















