കാഞ്ഞാര്‍: തകര്‍ന്ന റോഡ് നന്നാക്കാമെന്ന വാക്ക് ജനപ്രതിനിധികള്‍ പാലിച്ചിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ‘ഗട്ടറില്‍ ചാടാതെ ബൈക്കോടിക്കല്‍ മത്സരം’ നടത്തി. കാഞ്ഞാറിലാണ് രസകരമായ സമരപരിപാടി അരങ്ങേറിയത്.
അറക്കുളം കുടയത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്നതുമായ കാഞ്ഞാര്‍ വെങ്കട്ട മൂന്നുങ്കവയല്‍ റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയും വരെയും പിന്നീട് മാര്‍ച്ച് 31 കഴിയുന്നതിന് മുമ്പായും റോഡ് പണി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും പണി നീട്ടിവച്ചു. പ്രദേശവാസികളുടെ പരാതിക്ക് മാസങ്ങളുടെ പഴക്കമുണ്ടെങ്കിലും റോഡ് നന്നാക്കാന്‍ മെമ്പര്‍മാരും പഞ്ചായത്തധികൃതരും തയ്യാറായില്ല. എം.എല്‍.എ അടക്കമുള്ളവര്‍ പ്രശ്‌നത്തിലിടപെടാനും തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കാഞ്ഞാര്‍ നാഷ്ണല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കള്‍ ഗട്ടറില്‍ ചാടാതെ ബൈക്കോടിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സത്രീകളടക്കം നൂറിലേറെ പേരാണ് ഇരുചക്രവാഹനങ്ങളുമായി പ്രതിഷേധ മത്സരത്തിനെത്തിയത്.
















