പത്തനാപുരം: യാത്രദുരിതത്തിന് പരിഹാരമായി നാട്ടുകാര്‍ റോഡ് നിര്‍മ്മിച്ചു. മരുതിമൂട് മര്‍ത്തോമാ പാഴ്‌സനേജ് മുതല്‍ കൊച്ചൂട്ട് ഭാഗം വരെയുള്ള പാതയാണ് നാട്ടുകാര്‍ നിര്‍മ്മിച്ചത്. നൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാത സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ചെളി നിറഞ്ഞ് കാല്‍നടയാത്ര വരെ ദുസഹമായിരുന്നു. മഴയായി കഴിഞ്ഞാല്‍ തോട്ടിലെ ജലം പാതയില്‍ നിറയും. ഇതോടെ യാത്രയും ബുദ്ധിമുട്ടിലാകും. തുടര്‍ന്ന് പിറവന്തൂര്‍ പഞ്ചായത്തിലെ കൊച്ചൂട്ട് ഭാഗത്ത് എത്തി വനത്തിലൂടെ നടന്നാല്‍ മാത്രമേ പ്രധാനപാതയിലേക്ക് എത്താന്‍ കഴിയൂ. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എംഎല്‍എയും പഞ്ചായത്ത് അംഗങ്ങളടക്കം സ്ഥലം സന്ദര്‍ശിച്ചിരുന്നു. രോഗബാധിതരെ അടക്കം കസേരയിലിരുത്തി എടുത്തുകൊണ്ട് പോകേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ വയോധികയെ നാട്ടുകാര്‍ ചേര്‍ന്ന് എടുത്തു കൊണ്ടാണ് ആശുപത്രിയിലെത്തിച്ചത്. തൊഴിലുറപ്പ് പ്രവര്‍ത്തനത്തിലൂടെ പാത നവീകരിക്കണമെന്ന ആവശ്യവും പഞ്ചായത്ത് ചെവികൊണ്ടില്ല. സമീപത്ത് തോടിന് സംരക്ഷണഭിത്തിയില്ലാത്തതാണ് പാത നിര്‍മിക്കാത്തതിന് കാരണം എന്നായിരുന്നു അധികൃതരുടെ വാദം.
















