തിരൂര്‍: കളവിനും ഒരു മാന്യതയുണ്ടെന്ന് പഴമക്കാര്‍ പറയാറുണ്ടെങ്കിലും ഇത്രയും ആരും പ്രതീക്ഷിക്കില്ല. തിരൂരില്‍ സമീപകാലത്ത് നടന്ന ബൈക്ക് മോഷണത്തെ കുറിച്ചാണ് ഈ പറയുന്നത്. ദൂര സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളാണ് ഇവര്‍ മോഷ്ടിക്കുന്നത്.
ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ ഉടമ എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ മടങ്ങിവരുമെന്നും മോഷ്ടാക്കള്‍ മനസിലാക്കിയിട്ടുണ്ടാവും. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് ബൈക്ക് എടുക്കും. തങ്ങളുടെ ആവശ്യം കഴിഞ്ഞ് കൃത്യ സ്ഥലത്ത് പെട്രോള്‍ പോലും കുറയാതെ കൊണ്ടുവെക്കും. എത്ര മാന്യമായ ഇടപാട് അല്ലേ?.
കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഘം കുടുങ്ങി. ഒരു ഉദ്യോഗസ്ഥന് തിരൂര്‍ ടൗണിനോട് ചേര്‍ന്നുള്ള പാര്‍ക്കിങില്‍ ബൈക്ക് വെച്ച് ജോലിക്ക് പോയി. പക്ഷേ അപ്രതീക്ഷിത കാരണത്താല്‍ അന്ന് പോകാന്‍ സാധിച്ചില്ല. തിരികെ വരുമ്പോഴാണ് ഒരു സുഹൃത്തിനെ കാണുന്നത്. ഓരോ ചായ കുടിക്കാമെന്ന് കരുതി അടുത്തുള്ള ഹോട്ടലിലേക്ക് ചെന്നു. അപ്പോഴതാ ഹോട്ടലിന് മുന്നില്‍ തന്റെ ബൈക്ക് ഇരിക്കുന്നു. കുറച്ച് സമയം മുമ്പ് താന്‍ വേറൊരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നതാണല്ലോ, പിന്നെയിത് ഇവിടെങ്ങനെയെത്തി എന്നൊക്കെ ആലോചിച്ച് നില്ക്കുമ്പോള് രണ്ട് ന്യൂജന്‍ പയ്യന്മാര് വന്ന് ബൈക്കില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. ബൈക്കുമായി പറക്കാനൊരുങ്ങിയ ഇവരെ ഉടമയും സുഹൃത്തും ചേര്‍ന്ന് കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പല ബൈക്കുകളും ഇതുപോലെ കറങ്ങാനായി എടുക്കാറുണ്ടെന്നും ഇവരെ കൂടാതെ മറ്റനേകം പേര് ഈ സംഘത്തിലള്ളതായി അറിയാനും കഴിഞ്ഞത്. പ്രശ്നം വ്യക്തിപരമായി ഗുരുതരമല്ലാത്തതിനാല്‍ ഉടമ പോലീസിനെ വിളിച്ചില്ല. പകരം നല്ലൊരു ഉപദേശം നല്കി വിട്ടയച്ചു. പക്ഷേ സംഭവം അത്ര നിസാരമല്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നതുമാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: