വരന്തരപ്പിള്ളി : മുപ്ലിയം പൊട്ടന്പാടത്ത് രണ്ട് ദിവസമായി തുടര്‍ന്ന് വന്നിരുന്ന മണ്ണെടുപ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെപ്പിച്ചു. ചെളികലര്‍ന്ന കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ കളിമണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയും തര്‍ക്കവും നടന്നിരുന്നത്. വ്യാഴാഴ്ച മണ്ണ് പുറത്തേയ്ക്ക് കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞിരുന്നു. മണ്ണ് കൊണ്ടുപോകുന്നത് തടഞ്ഞതിന് 6പേരെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന മണ്ണെടുപ്പ് ഇന്ന് വീണ്ടും പുനരാരംഭിച്ചപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ വീണ്ടൂം എത്തിയത്. മണ്ണ് കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ തടഞ്ഞ കേസ്സെടുക്കുമെന്ന് വരന്തരപ്പിള്ളി പോലീസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അമിത ഭാരം കയറ്റിയ ലോറികള്‍ സഞ്ചരിക്കുന്നത് റോഡ് തകര്‍ക്കും എന്നാരോപിച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസ് എത്തി ലോറികള്‍ പരിശോധിച്ചപ്പോള്‍ അമിതഭാരംകയറ്റിയതായി കണ്ടെത്തുകയും ചെയ്തു. മുപ്ലിയം സെന്ററില്‍ തടഞ്ഞ ഒരു ലോറിക്ക് 6000 രൂപ പിഴയും പോലീസ് ഈടാക്കി. മുപ്ലിയം സെന്ററില്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പിടിക്കപറമ്പ് കൂടി മുപ്ലിയം പാലത്തിലൂടെ മണ്ണ് കടത്തുന്നതറിഞ്ഞ് നന്തിപുലത്ത് വെച്ച് നാട്ടുകാര്‍ വീണ്ടും തടയുകയായിരുന്നു. പിന്നീട് ഇവിടെ നാട്ടുകാരും മണ്ണെടുക്കുന്നവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ മണ്ണെടുക്കുന്ന കരാറുകാരന് നന്തിപുലം സെന്ററില്‍ റോഡില്‍ കാറിട്ട് ഗതാഗതം സ്തംഭിപ്പിച്ചു. മണ്ണെടുപ്പ് സംഘം ഗതാഗതം തടഞ്ഞത് നന്തിപുലം ജംഗ്ഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് പോലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കൂടാതെ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാതെ പോലീസ് വിട്ടയ്ക്കുകയും ചെയ്തു. മുപ്ലിയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ടിയിട്ടിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ മാത്രം ഹൈക്കോടതി ഉത്തരവ് നിലവിലിരിക്കെ പുഴയുടെ അമ്പത് മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്ത് നിന്നും ഖനനം ചെയ്ത് കളിമണ്ണ് എടുത്ത് വില്പന നടത്താന്‍ സ്വകാര്യ വ്യക്തിക്ക് പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് നാട്ടുകാരും ആരോപിച്ചു. അനധികൃതമായി നടക്കുന്ന ഖനനം മൂലം പുഴ ഗതിമാറി ഒഴുകാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങളില്‍ പറയുന്നുണ്ട്. വണ്ടികളില്‍ നിന്നും കളിമണ്ണ് റോഡിലേക്ക് വീണ് വാഹന ഗതാഗതവും ദുഷ്കരമായിരിക്കുകയാണ്. സ്ഥലം പരിശോധിച്ച ജിയോളജി വകുപ്പ് അധികൃതര്‍ കളിമണ്ണും ചെളിമണ്ണും ചേര്‍ന്ന നിലയിലാണെന്നും ഖനനം നടത്തിയതായി സംശയമുണ്ടെന്നും ജിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതിക്ക് ദോഷം വരുത്താതെ മാത്രമാണ് പഞ്ചായത്ത് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ചെറിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പെര്‍മിറ്റിന്റെ മറവില്‍ ലോഡുകണക്കിന് കളിമണ്ണ് കടത്തിക്കൊണ്ടുപോകാനാണ് ശ്രമമെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതര്‍ അടിയന്തര യോഗം ചേരുമെന്നും പഞ്ചായത്ത് നല്‍കിയിരുന്ന ബില്‍ഡിംഗ് പെര്‍മിറ്റ് റദ്ദ് ചെയ്യുമെന്നും അറിയിച്ചിരുന്നു. 31നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 30ാം തിയ്യതി വരെയാണ് ഇവര്‍ക്ക് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കംചെയ്യുന്നതിനുള്ള അനുമതി ജിയോളജി വകുപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: