കട്ടപ്പന: കട്ടപ്പന ഗവണ്‍മെന്റ് കോളേജ് വെള്ളയാംകുടി റോഡിലെ കുളവിക്കൂട് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. 100 കണക്കിന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന റോഡിന് സമീപത്താണ് കുളവിക്കൂട് സ്ഥിതി ചെയ്യുന്നത്. വെള്ളയാംകുടി – ഗവണ്‍മെന്റ് കോളേജ് റൂട്ടിലാണ് വന്‍ കുളവിക്കൂട് ഭീതി പരത്തുന്നത്.
റോഡ് സൈഡിലെ മരത്തിന്റെ ചില്ലയിലാണ് കൂട് നില്‍ക്കുന്നത്. നിരവധി വീടുകളും ഇതിന് സമീപത്തായി ഉണ്ട്. ഓരോ ദിവസവും കൂട് വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. മരത്തിന്റെ 30 അടി ഉയരത്തിലാണ് കൂട് നില്‍ക്കുന്നത്. മരത്തിന്റെ ചുവട്ടിലെ മണ്ണും ഒലിച്ചുപോയ അവസ്ഥയിലാണ്. ജനജീവിതത്തിന് ഭീഷണിയായി നില്‍ക്കുന്ന കുളവിക്കൂട് കത്തിച്ച് കളയണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മുനിസിപ്പാലിറ്റിക്കും ഫയര്‍ഫോഴ്‌സിനും പരാതി നല്‍കി.
















