തിരുവല്ല: രണ്ടു സംസ്ഥാനപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കറ്റോട് -തിരുമൂലപുരം റോഡിന്റെ തകര്‍ച്ച പൂര്‍ണം. ടികെ റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന കറ്റോട് മുതല്‍ തിരുമൂലപുരം വരെയുള്ള മൂന്നു കിലോമീറ്ററോളമുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്. റോഡ് തകര്‍ച്ച ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷനേടാനായി ടികെ റോഡില്‍ നിന്നും എംസി റോഡിലേക്ക് പോകേണ്ടവര്‍ ഏറെയും ആശ്രയിക്കുന്ന റോഡാണിത്. പിഡബ്ല്യുഡി ഉടമസ്ഥതയിലുള്ള റോഡിന്റെ തുടക്കം മുതല്‍ അവസാനിക്കുന്ന തിരുമൂലപുരം ജംഗ്ഷന് വരെയും തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. നിരവധി വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന റോഡാണിത്. ആരാധനാലയങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലേക്കു പോകേണ്ടവരും ആശ്രയിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതേവരെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ തയാറാകാത്തതില്‍ നാട്ടുകാരിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറുമ്പോള്‍ എംസി റോഡില്‍ നിന്നും ടികെ റോഡിലേക്കും തിരികെ എംസി റോഡിലേക്കും വാഹനങ്ങള്‍ കടത്തിവിടാന്‍ ഉപയോഗിക്കുന്ന പ്രധാന പാതകൂടിയാണിത്. നഗരത്തെ ബന്ധിപ്പിച്ച് ഇടയ്ക്കു ബസ് റൂട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതു നിലച്ചു. മഴക്കാലം കൂടിയായതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. കൂടുതലും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ അപകടത്തില്‍പെടാറുള്ളത്.റോഡിലൂടെ കാല്‍നടയായി യാത്രചെയ്യുന്നവരുടെ മേല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളിയഭിഷേകവും ഉണ്ടാകാറുണ്ട്. ടിപ്പര്‍ ലോറികളടക്കമുള്ള വലിയവാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡിന്റെ തകര്‍ച്ച കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്നതായും പറയുന്നു.റോഡിന്റെ തകര്‍ച്ച കാരണം പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കുംഅനുഭവപ്പെടാ റുണ്ട്.റെയില്‍വേ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കറ്റോട് -തിരുമൂലപുരം റോഡിലെ ഇരുവെള്ളിപ്ര ലവല്‍ക്രോസ് ഒഴിവാക്കി അടിപ്പാത നിര്‍മിച്ചതോടെ നിരവധി വാഹനങ്ങള്‍ ഈ റോഡ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.ടികെ റോഡില്‍ നിന്നും തിരുവനന്തപുരം, കായംകുളം, എടത്വ ഭാഗങ്ങളിലേക്കു പോകുന്ന ചെറിയ വാഹനങ്ങള്‍ ഏറെയും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.വര്‍ധിച്ചുവരുന്ന തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നതെങ്കിലും റോഡിന്റെ തകര്‍ച്ച കാരണം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: