റോം: രക്തത്താല്‍ നനഞ്ഞ ശിരോവസ്ത്രവുമായി സിസ്റ്റര്‍ മര്‍ജാനെ ലെഷി(35) മൊബൈല്‍ ഫോണില്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശമയക്കുന്ന ഫോട്ടോ ലോകം മുഴുവന്‍ വീക്ഷിച്ചതാണ്. ഇറ്റലിയുടെ ഭൂകമ്പത്തിന്റെ വ്യാപ്തിയറിയിക്കുന്നതായിരുന്നു ഈ ഫോട്ടോ.
പരിക്കില്‍ നിന്ന് മുക്തയായില്ലെങ്കിലും ലെഷിക്ക് ഒരൊറ്റ ആഗ്രഹം മാത്രമാണിപ്പോഴുളളത്. മദര്‍ തെരേസ വാഴ്‌ത്തപ്പെട്ടവളാകുന്ന ചടങ്ങില്‍ പങ്കെടുക്കണം. സെപ്തംബര്‍ നാലിന് റോമിലെത്തി ചടങ്ങുകള്‍ കാണാമെന്ന പ്രതീക്ഷയിലാണ് ലെഷി.
ഭൂകമ്പമുണ്ടാകുമ്പോള്‍ അമാര്‍ട്ടിസിലെ ഹോളി ക്രൂസിഫിക്‌സ് പള്ളിക്ക് സമീപമുള്ള കോണ്‍വെന്റില്‍ ഉറക്കത്തിലായിരുന്നു ലെഷി. ഉണരുമ്പോള്‍ മുഖം നിറയെ പൊടിയും രക്തവും. രക്ഷയ്‌ക്കായി നിലവിളിച്ചെങ്കിലും ആരുമെത്തിയില്ല.
ഏറെസമയത്തിനു ശേഷം, കോണ്‍വെന്റില്‍ വൃദ്ധരെ പരിചരിക്കുന്ന ഒരു യുവാവെത്തി രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ ‘മാലാഖ’ എന്നാണ് ലെഷി വിശേഷിപ്പിക്കുന്നത്. ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമെന്ന പ്രതീക്ഷയില്ലായിരുന്നു. രക്ഷപ്പെട്ടെങ്കിലും,’ എന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുക’യെന്ന് ഫോണില്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചത് അതിനാലാണ്.
പ്രായമായവരെ പരിചരിക്കുകയാണ് സിസ്റ്റര്‍ ലെഷിയും. മദര്‍തെരേസയാണ് ഇക്കാര്യത്തില്‍ അവര്‍ക്ക് മാതൃക.
ജീവിതകാലമത്രയും ഭാരതത്തിലായിരുന്നെങ്കിലും അല്‍ബേനിയന്‍ വംശജയായ മദര്‍തെരേസയെ അല്‍ബേനിയയുടെ പ്രതീകമായാണ് ലെഷി കാണുന്നത്.
















