ഒരിക്കൽ, ഒരാൾ കടയിൽകയറി ഐസ്‌ക്രീം വാങ്ങി. അത് ഒരു സ്പൂൺ വായിലിട്ടപ്പോഴാണ് അയാൾ ഓർത്തത്, ”ഇന്നലെ കണ്ട സ്വർണ്ണക്കടയിൽ എത്ര എത്ര ഫാഷനിലുള്ള ആഭരണങ്ങളാണുള്ളത്! കോടീശ്വരന്മാർ വലിയ കാറുകളിൽ വന്ന് അവയെല്ലാം വാങ്ങുന്നു. ഈ ജന്മത്തിൽ അവരിലൊരാളെപ്പോലെ ആകാൻ എനിക്കുകഴിയുമോ? ഒരു ബിസിനസ്സുകാരനാകാൻ കഴിഞ്ഞില്ലല്ലോ. നല്ലവണ്ണം പഠിച്ച് ഉയർന്ന ജോലി നേടാനും സാധിച്ചില്ല. എന്റെ ജീവിതം ഇങ്ങനെയായിത്തീർന്നല്ലോ
!” ഇങ്ങനെ പലതും ചിന്തിച്ചിരുന്നു് ഐസ്‌ക്രീം കഴിച്ചു കഴിഞ്ഞു. പക്ഷേ അതിന്റെ രുചി എന്താണെന്നുകൂടി അറിയുവാൻ അയാൾക്കുസാധിച്ചില്ല. കാരണം, മനസ്സു് മറ്റൊരുലോകത്തായിരുന്നു.കഴിഞ്ഞതും വരാൻപോകുന്നതും ചിന്തിച്ചു് വർത്തമാന നിമിഷം നഷ്ടമാക്കി. സത്യത്തിൽ ഈ നിമിഷം മാത്രമാണ് നമുക്ക് സ്വന്തം. അടുത്തശ്വാസംപോലും സ്വന്തമായുണ്ടോ എന്ന് ഉറപ്പില്ല. അതുകൊണ്ട് മക്കൾ ഈ നിമിഷത്തിൽ ജീവിക്കാൻ ശ്രമിക്കണം.
ഇതിനർത്ഥം ഭാവിയിലേക്കുള്ള തയ്യാറെടുപ്പു് വേണ്ടന്നല്ല. വീട് കെട്ടുന്നതിനുമുമ്പ് അതിന്റെ പ്ലാൻ വരയേ്ക്കണ്ടത് ആവശ്യമാണ്. എന്നാൽ പ്ലാൻ വരയ്‌ക്കുന്ന നേരം ശ്രദ്ധ വരയ്‌ക്കുന്നതിൽ മാത്രമായിരിക്കണം; വീട് കെട്ടുന്നതിലല്ല. വീടുകെട്ടുമ്പോൾ കെട്ടുന്നതിലും.
















