സോള്‍: റിയോ ഒളിമ്പിക്‌സില്‍ മികവ് കാട്ടാതെ ഉത്തരകൊറിയയില്‍ തിരിച്ചെത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്.
മികവ് കാട്ടാതെയും മെഡല്‍ നേടാതെയും എത്തുന്ന താരങ്ങളെ കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യിപ്പിക്കാനാണ് നിര്‍ദ്ദേശം. ഉത്തരകൊറിയന്‍ ഏകാധിപതിയായി വാഴുന്ന കിം ജോങ് ഉന്നിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ശിക്ഷയെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തിനായി അഞ്ച് സ്വര്‍ണമെങ്കിലും നേടണമെന്നായിരുന്നു ഉത്തരകൊറിയന്‍ താരങ്ങള്‍ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശം. എന്നാല്‍ 31 താരങ്ങള്‍ ഒമ്പതിനങ്ങളിലായി മത്സരിച്ച് സ്വന്തമാക്കിയത് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ്. മികവ് കാട്ടിയെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അത്രയും മെഡല്‍ സ്വന്തമാക്കാത്തതിനാണ് ശിക്ഷ.
മെഡല്‍ നേടിയവര്‍ക്ക് നിരവധി സമ്മാനങ്ങളുള്‍പ്പടെ മികച്ച ജീവിത നിലവാരം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നല്ല വീടും, കൃത്യമായ റേഷനും, കാറും ഇവര്‍ക്ക് സമ്മാനമായി ലഭിക്കും. മികവു കാട്ടാത്തവരുടെ കാര്യമാണ് കഷ്ടത്തിലാകുക. ഇവരുടെ റേഷന്‍ വെട്ടിച്ചുരുക്കുക, നിലവാരമില്ലാത്ത വീടുകളിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരാക്കുക, ഖനികളിലേക്ക് പണിക്കയക്കുക തുടങ്ങിയ ശിക്ഷകളാണ് രാജ്യം ആലോചിച്ച് തുടങ്ങിയിരിക്കുന്നത്.
2010 ഫുട്‌ബോള്‍ ലോകകപ്പില്‍ ഉത്തര കൊറിയന്‍ ടീം പോര്‍ച്ചുഗലിനോട് തോറ്റതിന് പിന്നാലെ ചില താരങ്ങളെ ഖനികളില്‍ പണിയെടുക്കാന്‍ അയച്ചിരുന്നു. ആ ഗതി തങ്ങള്‍ക്കുണ്ടാകുമോ എന്ന ഭീതിയിലാണ് രാജ്യത്തെ ഒളിമ്പിക്‌സ് താരങ്ങള്‍.
















