ലക്കാട്: സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍), സ്വച്ഛ് ഭാരത് മിഷന് (അര്‍ബന്‍) എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി ജില്ലയിലെ എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയായി.
രാജ്യത്ത് തുറസായ സ്ഥലത്ത് മലവിസര്‍ജനം ഒഴിവാക്കപ്പെട്ട ആദ്യ സംസ്ഥാനമെന്ന പദവിയിലേക്ക് അടുക്കുകയാണ് കേരളം. ആദ്യഘട്ടമായി ഗ്രാമപ്രദേശങ്ങളെയാകെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലപരിമിതിയും കൂടുതല്‍ സാങ്കേതിക മികവോടുകൂടിയ സെപ്റ്റിക് ടാങ്കും പണിയുന്നതിന് സമയമെടുക്കുമെന്നതിനാല്‍ 2017 മാര്‍ച്ച് 31ന് നഗരപ്രദേശങ്ങളെ പ്രഖ്യാപിക്കാനാണ് നീക്കം. ജില്ലയില്‍ 88 പഞ്ചായത്തുകളിലായി 25,282 കക്കൂസുകളാണ് ആവശ്യമുള്ളത്. ഇതില്‍ 2,114 എണ്ണം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. 11,517 എണ്ണം നിര്‍മാണത്തിലാണ്. ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ കക്കൂസ് സൗകര്യമായി. കൊടുമ്പ്, തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളാണ് തുറസായ സ്ഥലത്ത് മലവിസര്‍ജനം ഇല്ലാതാക്കിയ മേഖലകള്‍. അട്ടപ്പാടി മേഖല ഉള്‍പ്പെടെ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലാണ് കക്കൂസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നത്. അഗളി, ഷോളയൂര്‍, പുതൂര്‍, മുതലമട, നെല്ലിയാമ്പതി, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളാണവ. അട്ടപ്പാടി മേഖലയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി മൊത്തം 4,951 കക്കൂസുകളാണ് നിര്‍മിക്കേണ്ടത്. അതില്‍ അഗളി പഞ്ചായത്തില്‍ കക്കൂസില്ലാത്ത 1912 വീടുകളില്‍ 238 എണ്ണവും ഷോളയൂരില്‍ 1500 കക്കൂസ് നിര്‍മിക്കേണ്ട സ്ഥാനത്ത് 384 എണ്ണവും പുതൂരില്‍ 1539 എണ്ണം നിര്‍മിക്കേണ്ട സ്ഥാനത്ത് 328 എണ്ണവും നിലവില്‍ നിര്‍മാണത്തിലാണ്. മലമ്പ്രദേശമായതിനാല്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിന് നേരിടുന്ന അധിക ചെലവും ജലദൗര്‍ലഭ്യവുമാണ് ഇവിടങ്ങളില്‍ തിരിച്ചടിക്ക് കാരണം. എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളില്‍ ജലത്തിന്റെ ലഭ്യതക്കുറവാണ് പ്രധാന പ്രശ്നം. എരുത്തേമ്പതിയില്‍ 630 കക്കൂസുകളും വടകരപ്പതിയില്‍ 845 കക്കൂസുകളും നിര്‍മിക്കണം. ഇതില്‍ എരുത്തേമ്പതിയില്‍ 30 എണ്ണം പൂര്‍ത്തിയായി. 410 എണ്ണം നിര്‍മാണത്തിലാണ്. വടകരപ്പതിയില്‍ ഇത് യഥാക്രമം 120 ഉം 230 ഉം ആണ്. നെല്ലിയാമ്പതിയും മുതലമട പഞ്ചായത്തിലെ പറമ്പിക്കുളത്തുമായി 276 കക്കൂസുകള്‍ നിര്‍മിക്കണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സമ്പൂര്‍ണ വൈദ്യുതീകരണം ആദ്യം പൂര്‍ത്തിയാക്കിയത് ജില്ലയിലാണ്. ജില്ലയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നഗരപ്രദേശങ്ങളില്‍ കക്കൂസ് സൗകര്യമില്ലാത്ത 32,000 കുടുംബങ്ങളും സാനിട്ടറി കക്കൂസുകളായി മാറ്റേണ്ട ഗണത്തില്‍പ്പെടുന്ന 60,000 കക്കൂസുകളുമാണുള്ളത്. കേന്ദ്ര- സംസ്ഥാന ഫണ്ടില്‍ നിന്നാണ് പദ്ധതിക്കുള്ള പണം ലഭ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: