പാലക്കാട്: ജില്ലയില്‍ 3ജി ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 100 സ്ഥലങ്ങളില്‍ കൂടി താമസിയാതെ സേവനം ലഭ്യമാക്കും.
കൊടുവായൂര്‍, കുത്തന്നൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ച്, വട്ടമ്പലം, തിരുവാഴിയോട്, പുഞ്ചപ്പാടം, നെന്മാറ, ഗംഗോത്രി സ്കൂള്‍, വടവന്നൂര്‍, കാവശ്ശേരി, തിരുനെല്ലായ് എന്നിവിടങ്ങളിലാണ് ഈയിടെ 3 ജി സേവനം ആരംഭിച്ചതെന്നു പാലക്കാട് ജനറല്‍ മാനേജര്‍ സി.മനോജ് അറിയിച്ചു.
പാലക്കാട് സെന്‍ട്രല്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് (സിടിഒ) പാലക്കാട്, ഐഐടി ഹോസ്റ്റല്‍, ഒലവക്കോട്, ഒറ്റപ്പാലം, പട്ടാമ്പി ടൗണ്‍, മണ്ണാര്‍ക്കാട് കോടതിപ്പടി എന്നിവയ്ക്കു പുറമെ 25 സ്ഥലങ്ങളില്‍ കൂടി 4.5 ജി ശേഷി വരുന്ന അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്കുന്ന വൈ ഫൈ ഹോട്ട് സ്പോട്ടുകള്‍ ആരംഭിക്കും.
അത്യാധുനിക സൗകര്യങ്ങളൊരുക്കുന്ന നെക്സ്റ്റ് ജനറേഷന് നെറ്റ്വര്‍ക്ക് (എന്‍ജിഎന്‍) നിലവാരത്തിലേക്കു പാലക്കാട് നഗരത്തിലും സമീപത്തും വരുന്ന അഞ്ച് എക്സ്ചേഞ്ചുകളെ മാറ്റുന്ന നടപടികള്‍ പൂര്‍ത്തിയായി.
അടുത്ത നാലുമാസത്തിനകം 15,000 ടെലിഫോണ്‍ ലൈനുകളില്‍ ഈ സേവനം ലഭിക്കും. ഇതിനായി കല്‍മണ്ഡപം എക്സ്ചേഞ്ചിനെ ഒരു മാസത്തിനകം സിടിഒയുടെ കീഴിലാക്കും. വിഡിയോ കോളിങ്, ലാന്റ് ലൈനില്‍ നിന്നും മൊബൈലില്‍ നിന്നുമുള്ള കോളുകള്‍ പരസ്പരം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം, മള്‍ട്ടിമീഡിയ വിഡിയോ കോണ്‍ഫറന്‍സിങ്, ലാന്‍ഡ് ലൈനില്‍ പ്രീപെയ്ഡ് സൗകര്യം എന്നിവ അടങ്ങുന്നതാണ് എന്‍ജിഎന്‍. ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ‘എക്സ്പീരിയന്‍സ് 49’ പദ്ധതി ജില്ലയിലും ആരംഭിച്ചു.പുതിയ കണക്ഷനുകള്‍ക്ക് ആദ്യ ആറു മാസം 49 രൂപ പ്രതിമാസ നിരക്കായി നല്കിയാല് മതി. ഇതില്‍ ഇന്സ്റ്റലേഷന് ചാര്‍ജ് സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: