കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ സർവ്വകലാശാലയിൽ ഭീകരാക്രമണം നടത്തിയവരെ വധിച്ചു. അഫ്ഗാൻ പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. ഇതോടെ പത്ത് മണിക്കൂർ നീണ്ട ഭീകരാക്രമണം അവസാനിച്ചു. ആക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തോക്കുമായി എത്തിയ അക്രമികൾ സർവ്വകലാശാല കവാടത്തിനു സമീപം ആക്രമണം അഴിച്ച് വിടുകയായിരുന്നു. സ്ഫോടനങ്ങളും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും സർവ്വകലാശാലയിലെ ക്ലാസ് മുറികളില്‍ കഴിയുകയായിരുന്നു. ഇവരെ അഫ്ഗാൻ പോലീസ് രക്ഷപ്പെടുത്തി സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
2006ലാണ് അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാൻ പ്രവര്‍ത്തനമാരംഭിച്ചത്. സായാഹ്ന കോഴ്സുകളില്‍ ഉള്‍പ്പെടെ 1700ഓളം വിദ്യാർത്ഥികളാണ് ഇവിടെ വിദ്യാഭ്യാസം നടത്തുന്നത്.
















