നമ്മുടെ ജീവിതത്തിൽ അച്ഛൻ, അമ്മ, ഭാര്യ, പുത്രൻ, തുടങ്ങി നിരവധി ബന്ധങ്ങൾ നിലനിന്നുപോകുന്നതായി കാണപ്പെടുന്നു. ഈബന്ധങ്ങൾളെല്ലാം ഒരു ജീവൻ സ്വീകരിച്ചതിനുശേഷം മരിക്കുന്നതു വരെയുള്ള ഇടക്കാല വേളയിൽ വന്നുചേർന്നു നിലനിൽക്കുന്നവയാണെന്നുകാണാൻ കഴിയും ജനനത്തിനുമുൻപും മരണത്തിനു പിൻപും ഈവക ബന്ധങ്ങൾ ഇല്ല.
അപ്പോൾ ഇവയെല്ലാം ശരീരസംബന്ധങ്ങൾ മാത്രമാണെന്നും ആത്മാവിനെ ബാധിക്കുന്നവയല്ലെന്നും നമുക്കുബോദ്ധ്യമാകും. അനന്തമായ കാലത്തിന്റെ ചെറിയ ബിന്ദുവിൽ ജനനത്തിനും ശേഷവും മരണത്തിനു മുൻപും സത്തയില്ലാതെ മദ്ധ്യകാല വർത്തമാനത്തിൽ മിന്നിമറയുന്ന ഒരു ക്ഷണിക സ്ഫുലിംഗംമാത്രമാണ് നമ്മുടെ ഈ അത്ഭുത പ്രതിഭാസമായ ഈ ജീവിതം. ജനനവും മരണവും ആവർത്തിച്ചുണ്ടാവുന്ന ജന്മാന്തരപരമ്പരയുടെ ഓരോ കണ്ണിയിലും ഈ ബന്ധങ്ങളൊക്കെ മറ്റൊരുതരത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
എന്നാൽ നീർക്കുമിളപോലെ ക്ഷണംകൊണ്ട് തകർന്നടിയുന്ന ജീവിതത്തിൽ ഈ ശാശ്വതികത്വം എവിടെ? പരമാർത്ഥം ആലോചിച്ചാൽ ഇവയൊന്നും സത്യ വസ്തുവായ ആത്മാവിനെ ബാധിക്കാതെ വെറും മായാഭ്രമം കൊണ്ട്‌നിലനിൽക്കുന്നതായി തോന്നിപ്പോവുകമാത്രമാണ്. ഈബന്ധങ്ങൾക്കു പാത്രീഭൂതരായവരിലെല്ലാം ഒരേ പരമാത്മചെതന്യം തന്നെയാണ് നിലനിൽക്കുന്നത്.
















