കാസര്‍കോട്: മഞ്ചേശ്വരം താലൂക്ക് ഓഫിസ് കെട്ടിട സമുച്ചയത്തിനുവേണ്ടി ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര ഭൂമി കൈയ്യേറാനുള്ള അധികാരികളുടെ ശ്രമം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ് മഹിളാ ഐക്യവേദി. ക്ഷേത്ര ഭൂമി തട്ടിയെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും മഹിളാ ഐക്യവേദി കാസര്‍കോട് ജില്ലാ സമിതി പിന്തുണ നല്‍കുമെന്ന് ജില്ലാ സമിതി യോഗത്തിനുശേഷം അദ്ധ്യക്ഷ സതി കോടോത്തും, ജനറല്‍ സെക്രട്ടറി വാസന്തി കുമ്പളയും അറിയിച്ചു. സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു. ശബരിമല ക്ഷേത്രത്തെ വ്യാപാര വല്‍ക്കരിക്കുന്നതിനും, ക്ഷേത്രാചാരങ്ങളെ നശിപ്പിക്കുന്നതിനും വേണ്ടിയുല്ല ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അവലോകന യോഗത്തിലെ നിര്‍ദ്ദേശങ്ങളില്‍ കാണുന്നതെന്നും കാലാകാലങ്ങളിലായി കേരളം ഭരിച്ച് മുടിച്ച ഇരുമുന്നണികള്‍ക്കും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള പൊന്മുട്ടയിടുന്ന താറാവാണ് ശബരിമലയെന്ന് കരുതരുതെന്നും സംസ്ഥാന അദ്ധ്യക്ഷ നിഷ പറഞ്ഞു.
ഓണക്കാലത്തെ മദ്യ വിമുക്തമാക്കുന്നതിന് പകരം മദ്യം ഒഴുക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുള്ളത്. അതാണ് ഓണ്‍ലൈന്‍ മദ്യവ്യാപാര ശ്രമമെന്നും അതിനെ എന്ത് വിലകൊടുത്തും മഹിളാ ഐക്യവേദി തടയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ഓമന മുരളി, ജില്ലാ വൈസ് പ്രസിഡണ്ട് ശോഭന, സുമ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വാസന്തി കുമ്പള സ്വാഗതവും. ശ്രീകുമാരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: