പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാന്‍ സാധിക്കില്ല എന്നൊരു പ്രയോഗമുണ്ട്. അതുപലപ്പോഴും നല്ല അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നത്. പക്ഷെ, അവളൊന്ന് തീരുമാനിച്ചിറങ്ങിയാല്‍, പുരുഷന്മാര്പോലും പരാജയപ്പെട്ടിടത്ത് വിജയം നേടിയാവും മടങ്ങുക. ഉത്തരാഖണ്ഡിലെ കലാവതി ദേവി റാവത്ത് അത്തരത്തില്‍ പോരാടി വിജയം വരിച്ചവരില്‍ ഒരാളാണ്. മലമുകളില്‍ വൈദ്യുതി എത്തിച്ചുവെന്നതാണ് കലാവതിയുടെ നേട്ടം.
വൈദ്യുതിയില്ലാത്ത കുഗ്രാമങ്ങളില്‍ ഒന്നായ ബച്ചേറിലേക്ക് വിവാഹിതയായി എത്തിയതാണ് കലാവതി. കുന്നിന്മുകളിലെ ജീവിതം ഇരുട്ടുനിറഞ്ഞതായി അനുഭവപ്പെട്ടു.
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഗ്രാമത്തിലെ സ്ത്രീകളേയും കൂട്ടിക്കൊണ്ടവര് ജില്ലാ ആസ്ഥാനമായ ഗോപേശ്വറിലെത്തി അധികാരികളെ കണ്ടു. പക്ഷെ, അവര്‍ ഗ്രാമീണ സ്ത്രീകളുടെ ആവശ്യത്തെ നിസാരവത്കരിച്ചു.
അവിടെ നിന്നും തിരികെയുള്ള കാല്‍നടയാത്ര വെറും കൈയോടെ ആയിരുന്നില്ല. ഏതോ ഔദ്യോഗിക പരിപാടിയ്ക്ക് വെളിച്ചം എത്തിക്കുന്നതിനായി ഉപയോഗിച്ച ഏതാനും വൈദ്യുതിക്കാലുകള് ശ്രദ്ധയില്‍പ്പെട്ടു. ആ വൈദ്യുതിക്കാലുകളും വയറുകളും ചുമന്നുകൊണ്ടുപോകാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തി. ഭീഷണിക്കുമുന്നില്‍ തളരാന്‍ ആ ഗ്രാമത്തിലെ സ്ത്രീകള്‍ തയ്യറായില്ല. കൂടുതല്‍ കൂടുതല്‍ പേര് കലാവതിയ്ക്ക് ശക്തിപകര്‍ന്ന് മുന്നോട്ടുവന്നു. പോരാട്ടം ശക്തമാകുന്നുവെന്ന് മനസ്സിലാക്കിയ അധികാരികള്‍ ബച്ചേര് ഗ്രാമത്തേയും വൈദ്യുതിയുമായി ബന്ധിപ്പിച്ചു.
അവിടം കൊണ്ട് പോരാട്ടം അവസാനിപ്പിക്കാന്‍ കലാവതി ഒരുക്കമായിരുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അവര്‍ പോരാടുകയാണ്, വനം മാഫിയയ്ക്കെതിരെ. ഔദ്യോഗിക വിദ്യാഭ്യാസം നേടാത്ത കലാവതി വിദ്യാസമ്പന്നര്‍പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് തന്റെ ഗ്രാമത്തിനുവേണ്ടി ചെയ്യുന്നത്. സമൂഹത്തോടുള്ള കരുതല്‍ ഒന്നുകൊണ്ടുമാത്രം. മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം ആയതുകൊണ്ടുതന്നെ അവിടുള്ളവര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് വനത്തെയാണ്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റതേടി പോയപ്പോള്‍ ചോക്ക് കൊണ്ടു മാര്‍ക്ക് ചെയ്ത മരങ്ങള്‍ പിന്നീട് നോക്കുമ്പോള്‍ വെട്ടിവീഴ്ത്തിയ നിലയിലാണ് കാണുന്നത്. അപ്പോഴാണ് മരങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന ചിന്ത വരുന്നത്.
ഗ്രാമത്തിലെ പുരുഷന്മാരെ വനം മാഫിയ മദ്യം നല്കി നിശബ്ദമാക്കിയിരുന്നു.
അതുകൊണ്ടുതന്നെ മദ്യപാനത്തിനെതിരെയും കലാവതിയ്ക്ക് ശബ്ദമുയര്‍ത്തേണ്ടിവന്നു. വനം സംരക്ഷിക്കുന്നതിനും അങ്ങനെ സ്ത്രീകള്‍ മുന്നിട്ടിറങ്ങി. സ്ത്രീകളുടെ സംഘം വനത്തില്‍ നിരന്തരം നിരീക്ഷണം നടത്തി.
1970 കളിലെ ചിപ്കോ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ കലാവതി ഗ്രാമീണ സ്ത്രീകളെ ഒരുമിച്ചുകൂട്ടി. വനം മാഫിയ തുടക്കത്തില്‍ ഇവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരായി സ്ത്രീകള്‍ ജില്ലാ അധികൃതര്‍ക്കുമുന്നില്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് അധികൃതര്‍ക്ക് മരം മുറിക്കുന്നതിനെതിരെ ഉത്തരവ് ഇറക്കേണ്ടി വന്നു.
സ്ത്രീകളുടെ ക്ഷേമത്തിനായി കലാവതിയുടെ നേതൃത്വത്തില്‍ മഹിള മംഗള്‍ ദാല്‍ എന്നപേരില്‍ സ്ത്രീകൂട്ടായ്മ രൂപീകരിച്ചു. വനം മാഫിയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. അതോടൊപ്പം വാറ്റുചാരായ സംഘങ്ങളെ ഇല്ലാതാക്കുകയും ചെയ്തു.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തില്‍ ഇവിടുത്തെ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം ഒന്നും ലഭിക്കുന്നില്ലെന്നാണ് കലാവതിയുടെ അഭിപ്രായം. അവര്‍ കുടുംബം നോക്കിയാല്‍ മതിയെന്നാണ് പുരുഷന്മാരുടെ നിലപാട്.
എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഭര്ത്താവുപോലും ഒരിക്കല്‍ അവരോട് ചോദിക്കുകയുണ്ടായി. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി എന്ന് പറഞ്ഞ് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അതുകൊണ്ട് പ്രയോജനം ഉണ്ടായില്ല. ഒരുവേള ബന്ധം വേര്‍പ്പെടുത്തുന്ന ഘട്ടം വരെയെത്തി. എങ്കിലും തളരാതെ മുന്നോട്ടുപോവുകയാണ് കലാവതി.
മരങ്ങളും വനവും സംരക്ഷിക്കുന്നതിന് ഇവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഭാരത സര്‍ക്കാരിനും ആവുമായിരുന്നില്ല. 1986 ല്‍ ഇന്ദിര പ്രിയദര്‍ശനി പുരസ്കാരം നല്‍കിയാണ് സര്‍ക്കാര്‍ ഇവരെ ആദരിച്ചത്. വേറെ പുരസ്കാരങ്ങള്‍ക്കും കലാവതി അര്‍ഹയായിട്ടുണ്ട്. എന്നാല്‍ തന്റെ ഗ്രാമീണരില്‍ നിന്നും കിട്ടുന്ന അംഗീകാരമാണ് എല്ലാത്തിലും വലുതെന്ന് ഇവര്‍ പറയും.
മദ്യപാനത്തില്‍ നിന്നും നിരവധി കുടുംബങ്ങളെയും തങ്ങള്‍ക്ക് ഉപജീവനത്തിന് വകതരുന്ന വനങ്ങളെയും സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ മുന്നോട്ടുപോവുകയാണ് കലാവതി ദേവി. ഔപചാരിക വിദ്യാഭ്യാസം പോലും നേടാത്ത ഇവര്‍ നിരവധി സ്ത്രീകള്‍ക്ക് മാതൃകയാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: